രാജസ്ഥാനിലെ ഒരു സ്കൂളിൽ കുടിവെള്ള പാത്രത്തിൽ തൊട്ടതിന് അധ്യാപകൻ ക്രൂരമായി മർദ്ദിച്ച ദളിത് വിദ്യാർത്ഥി കൊല്ലപ്പെട്ടു. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ 9 വയസുകാരൻ ഏറെനാളായി ചികിത്സയിലായിരുന്നു. പാത്രത്തിൽ തൊട്ടതിന് കുട്ടിയെ മർദ്ദിച്ച അധ്യാപകനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ ഒരു സ്വകാര്യ സ്കൂളിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്.
ജൂലൈ 20നാണ് സംഭവം. കണ്ണിനും ചെവിയുടെ ഭാഗത്തുമടക്കം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നിരിക്കുന്നത്. അതിനെ തുടർന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷനടക്കം താത്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.