ഈ വർഷത്തെ ഒമാൻ ധനകാര്യമന്ത്രാലയത്തിന്റെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. എണ്ണ വില ശരാശരി ബാരലിന് 60 യുഎസ് ഡോളർ കണക്കാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയാറാക്കിയിരിക്കുന്നത്. ഏകദേശം 11 ശതകോടി റിയാലാണ് ഈ വർഷത്തെ വരുമാനമായി പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം കൂടുതലാണ്. കൂടാതെ ആകെ പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാലായും കണക്കാക്കുന്നു. ഇത് കഴിഞ്ഞ ബജറ്റിനെക്കാൾ 2.6 ശതമാനം കൂടുതലാണ്. ഏകദേശം 640 ദശലക്ഷം റിയാലാണ് ബജറ്റ് കമ്മിറ്റി പ്രതീക്ഷിക്കുന്നത്.
ധനമന്ത്രാലയം അധികൃതരാണ് പുതിയ വർഷത്തെ ബജറ്റ് സംബന്ധമായ വിവരങ്ങൾ വിശദീകരിച്ചത്. രാജ്യത്ത് ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ലെന്നാണ് ബജറ്റിൽ പറയുന്നത്. 2021 ഒക്ടോബറിൽ നിശ്ചയിച്ച പ്രകാരമുള്ള നിരക്ക് തന്നെയായിരിക്കും ഈ വർഷവും തുടരുകയെന്ന് ധനമന്ത്രി സുൽത്താൻ സലിം അൽ ഹബ്സി അറിയിച്ചു. പെട്രോൾ എം 91 ലിറ്ററിന് 229 ബൈസ, എം 95 ലിറ്ററിന് 239 ബൈസ, ഡീസൽ 258 ബൈസ(ലിറ്റർ) എന്നിങ്ങനെയായിരുന്നു 2021 ഒക്ടോബറിലെ ഇന്ധന വില.
അതേസമയം 2013, 14 വർഷങ്ങളിലെ സർക്കാർ ജീവനക്കാരുടെ പ്രമോഷനുകൾക്കായി 60 ദശലക്ഷം റിയാലും അനുവദിച്ചിട്ടുണ്ട്. 52,000 ജീവനക്കാർ ഈ പരിധിയിൽ വരും. കൂടാതെ 2013ലെ സീനിയോറിറ്റിയിലുള്ള ജീവനക്കാർക്ക് ചൊവ്വാഴ്ച മുതൽ സ്ഥാനക്കയറ്റവും നൽകും. മാത്രമല്ല, 2014ലെ സീനിയോറിറ്റിയിലുള്ള ജീവനക്കാർക്കുള്ള സ്ഥാനക്കയറ്റം അടുത്ത ജൂലൈ മുതലും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇൻഷുറൻസ് കവറേജിന്റെയും പൗരന്മാർക്കുള്ള സാമൂഹിക പരിരക്ഷയുടെയും നിലവാരം ഉയർത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. ബജറ്റിലെ ആകെ വരുമാനത്തിന്റെ 54 ശതമാനവും എണ്ണ വരുമാനത്തിൽ നിന്നാണ് ലഭിക്കുക. കൂടാതെ ഗ്യാസ് മേഖലയിൽ നിന്ന് 14 ശതമാനവും എണ്ണ ഇതര മേഖലയിൽനിന്ന് 32 ശതമാനവുമാണ് വരുമാനമെന്നും മന്ത്രി പറഞ്ഞു. ഈ പൊതുവരുമാനം കണക്കാക്കുന്നത് 2024 സാമ്പത്തിക വർഷത്തിൽ ഉണ്ടായേക്കാവുന്ന ഏതെങ്കിലും സാമ്പത്തിക വെല്ലുവിളികളുടെ ഭാരം കുറക്കുന്നതിനുള്ള മുൻകരുതൽ സമീപനത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിൽ പരിശീലന പരിപാടികൾക്കായി 36 ദശലക്ഷം റിയാൽ അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ ഒമാൻ ഹൗസിങ് ബാങ്ക് മുഖേനയുള്ള വായ്പകൾ വേഗത്തിലാക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ 1.9 ശതകോടി റിയാൽ മൂല്യമുള്ള ‘ഇസ്കാൻ’ അല്ലെങ്കിൽ‘ഹൗസിങ്’ എന്ന പേരിൽ ഒരു പരിപാടി ആരംഭിക്കുമെന്ന് മന്ത്രി സ്ഥിരീകരിച്ചു. പൗരന്മാർക്ക് സബ്സിഡിയുള്ള ഭവനവായ്പകൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി ആരംഭിക്കുന്നത്. ബജറ്റ് അവതാരണത്തിന് മുന്നോടിയായി ആഗോള സാമ്പത്തിക സൂചകങ്ങൾ ഉയർത്തിക്കാട്ടിയുള്ള ഒരു വിഷ്വൽ അവതരണം ധനകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല സലിം അൽ ഹാർത്തി നടത്തി. കൂടാതെ 2024ൽ ഒമാന്റെ പൊതു കടത്തിൽനിന്ന് ഏകദേശം 1.6 ശതകോടി റിയാൽ അടയ്ക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.