പുതിയ അയോധ്യ ഇന്റർനാഷണൽ എയർപോർട്ടിന് പേര് നൽകി. ‘മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് അയോധ്യയിലെഎയർപോർട്ടിന് നൽകിയിരിക്കുന്ന പേര്. അയോധ്യയെ ലോകത്തിന്റെ എല്ലാ ഭാഗവുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ എയർപോർട്ട് സജ്ജമാക്കിയിരിക്കുന്നത്.
ഡിസംബർ 30 ന് വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കാനിരിക്കെയാണ് പുതിയ പേര് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം അയോധ്യയിൽ നിർമ്മാണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് അയോദ്ധ്യയിൽ റോഡ് ഷോയും നടക്കും.
രാമക്ഷേത്ര മാതൃകയിൽ ഒരുക്കിയിരിക്കുന്ന വിമാനത്താവളം ശ്രീരാമന്റെ ജീവിത കഥ പറയുന്ന ചുമർചിത്രങ്ങളും പെയിന്റിംഗുകളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. 1,450 കോടി രൂപ മുതൽ മുടക്കിലാണ് വിമാനത്താവളം പണികഴിപ്പിച്ചിരിക്കുന്നത്. 6500 സ്‌ക്വയർ മീറ്ററിൽ തയ്യാറാക്കിയിരിക്കുന്ന വിമാനത്താവളത്തിൽ നിന്ന് പ്രതിവർഷം 10 ലക്ഷം പേർക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.