സൗദിയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള ജിസാൻ, സബിയ, അബു അരിഷ് എന്നിവിടങ്ങളിൽ പൊതു ബസ് ഗതാഗത പദ്ധതി ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ നടപടി തുടങ്ങി മുനിസിപ്പാലിറ്റി. ഒമ്പത് റൂട്ടുകളിൽ ബസ് സർവിസ് തുടങ്ങാനാണ് പദ്ധതിയിടുന്നത്.
ജിസാനിലും സമീപത്തെ മറ്റ് പട്ടണങ്ങളിലെയും ഒമ്പത് റൂട്ടുകളിലായി 47 ബസുകൾ സർവിസ് നടത്തും. 84 സ്റ്റോപ്പിങ് പോയന്റുകൾ ഉണ്ടാകും. കൂടാതെ പ്രദേശവാസികൾക്കും സന്ദർശകർക്കും ഗതാഗത സേവനം നൽകുന്നതിനായി ദിവസത്തിൽ 18 മണിക്കൂർ പ്രവർത്തിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
‘വിഷൻ 2030’ ന്റെ ഭാഗമായി രാജ്യത്തെ നിരവധി നഗരങ്ങളിലും പ്രദേശങ്ങളിലും പൊതു ബസ് ഗതാഗത പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് പുതിയ പദ്ധതി വരുന്നത്. രാജ്യത്തെ ചില പ്രധാന നഗരങ്ങളിലെല്ലാം ഇതിനോടകം തന്നെ പൊതുഗതാഗത പദ്ധതി ആരംഭിച്ചുണ്ട്.