ഹജ്ജ് തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സൗദി അറേബ്യ. 2024-ലെ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സൗദി സെന്റർ ഫോർ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷനാണ് അറിയിച്ചത്.
ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്ലിം വിശ്വാസികൾക്ക് അവരുടെ വിവരങ്ങൾ ഔദ്യോഗികമായി ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ആപ്പ് സംവിധാനം ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.
നുസുക് ആപ്പിൽ അപേക്ഷകരുടെ ഇ-മെയിൽ വിലാസം നൽകി ആദ്യം അക്കൗണ്ട് സൃഷ്ടിക്കുകയും പിന്നീട് തുടർന്നുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയുമാണ് ചെയ്യേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.