കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുള്ളവർ പരിഷ്കരിച്ച ഫൈസർ വാക്സിനെടുക്കുന്നത് ഗുണകരമാണെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തെ ചെറുക്കുന്നതിന് കഴിവുള്ളതാണ് പരിഷ്കരിച്ച ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ. നിലവിൽ രാജ്യത്ത് ഇതിന്റെ രണ്ടിനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഹെഡ് ഓഫ് ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ബസ്മ അസ്സഫ്ഫാർ അറിയിച്ചു.
അഞ്ച് മുതൽ 11 വയസ്സ് വരെയുള്ളവർക്കും 12 വയസ്സിന് മുകളിലുള്ളവർക്കുമുള്ള രണ്ട് തരം വാക്സിൻ ഹെൽത്ത് സെന്ററുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം 50ൽ കൂടുതൽ പ്രായമുള്ള കോവിഡ് ബാധയുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് ഗുണകരമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഹൃദയസംബന്ധമായ അസുഖങ്ങൾ, ശ്വാസതടസ്സം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങൾ, ലിവർ രോഗം, കിഡ്നി, രക്തവുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കും പ്രമേഹ രോഗികൾക്കും ഞരമ്പ് സംബന്ധമായ പ്രയാസമനുഭവിക്കുന്നവർക്കും പൊണ്ണത്തടിയുള്ളവർക്കും എയ്ഡ്സ് രോഗികൾക്കും ഗർഭിണികൾക്കും ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർക്കുമെല്ലാം ഇത് ഏറെ പ്രയോജനകരമായിരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.healthalert.gov.bh എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.