ഷാർജയിൽ ഈ വർഷം പിടികൂടിയത് കോടികളുടെ ലഹരിമരുന്ന്. 10,41,17,446 ദിർഹം മൂല്യം വരുന്ന വിവിധ ലഹരി മരുന്നുകളാണ് ഷാർജ പൊലീസ് ഒരു വർഷത്തിനുള്ളിൽ പിടിച്ചെടുത്തത്. 2023 ജനുവരി മുതൽ നവംബർ 30 വരെ 551 പേരെ ഇതുമായി ബന്ധപ്പെട്ട് ഷാർജ പൊലീസ് ആന്റി നാർക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായും പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി പറഞ്ഞു.
10,51,000 കിലോ ഹാഷിഷ്, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത് എന്നിവയും 80,000 കിലോ ഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 785 സമൂഹ്യമാധ്യമ അക്കൗണ്ടുകളും പൊലീസ് നിരീക്ഷിച്ച് കണ്ടെത്തി. ലഹരിമരുന്നിൻ്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ കാമ്പയിനുകൾ സംഘടിപ്പിക്കുന്നതായും അധികൃതർ അറിയിച്ചു.
ലഹരിമരുന്നുകളുടെ വില്പന പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഫോണിലേയ്ക്ക് വിളികളും മെസേജുകളുമെത്തിയാൽ നമ്പർ ബ്ലോക്ക് ചെയ്യണമെന്നും ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ഷാർജ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇതിനായി 8004654 എന്ന ഹോട്ട്ലൈനിലോ ഷാർജ പൊലീസ് ആപ്പിലോ വെബ്സൈറ്റിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ പൊതുജനങ്ങൾക്ക് ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.