വാഹനപ്രേമികൾക്ക് ഇഷ്ടപ്പെട്ട നമ്പറുകൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 90 പ്രത്യേക വാഹന ലൈസൻസിംഗ് പ്ലേറ്റുകളാണ് സ്വന്തമാക്കാൻ കഴിയുക. ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വരാനിരിക്കുന്ന 114-ാമത് ഓപ്പൺ ലേലത്തിൽ പങ്കെടുത്ത് നിങ്ങളുടെ ഇഷ്ടനമ്പർ സ്വന്തമാക്കാൻ സാധിക്കും.
AA30, T64,O48, AA555, X33333,V2222, Y 200 എന്നീ സൂപ്പർ നമ്പർ പ്ലേറ്റുകളാണ് ലേലത്തിലെത്തുക. ഓഫർ ബെയറിലുള്ള പ്ലേറ്റുകൾ (AA- I- J- M- N- O- Q- R- S- T- U- V- W- X- Y- Z) കോഡുകൾ ഇങ്ങനെയാണ്. ആർടിഎയുടെ ഈ വർഷത്തെ അവസാന ലേലം ഡിസംബർ 30 ശനിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ലേലം വിളിക്കുന്നവരുടെ രജിസ്ട്രേഷൻ ഡിസംബർ 25 തിങ്കളാഴ്ച ആരംഭിക്കും. ലേലം ഡിസംബർ 30 വൈകുന്നേരം 4.30 ന് ഗ്രാൻഡ് ഹയാത്ത് ദുബായിൽ ആരംഭിക്കും.
ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ആർടിഎയുടെ വെബ്സൈറ്റ് (www.rta.ae), ദുബായ് ഡ്രൈവ് ആപ്പ് അല്ലെങ്കിൽ ഉമ്മുൽ റമൂൽ, ദെയ്റ, അൽ ബർഷ എന്നിവിടങ്ങളിലെ ആർടിഎയുടെ ഏതെങ്കിലും കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയും ലേലത്തിന് രജിസ്റ്റർ ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്ന നിശ്ചിത ആളുകൾക്കായിരിക്കും ലേലത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
ഉച്ചയ്ക്ക് 2 മണി മുതൽ ലേല ഹാളിൽ രജിസ്ട്രേഷനും ലഭ്യമാകും. നമ്പർ പ്ലേറ്റുകൾ വിൽക്കുന്നതിന് 5 ശതമാനം വാറ്റ് ബാധകമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ദുബായിൽ ഒരു ട്രാഫിക് ഫയൽ ഉണ്ടായിരിക്കണം. കൂടാതെ ആർടിഎയുടെ വിലാസത്തിൽ 25,000 ദിർഹത്തിന്റെ സുരക്ഷാ ചെക്ക് നിക്ഷേപിക്കുകയും വേണം. ലേലം വിളിക്കുന്നവർ മേൽപ്പറഞ്ഞ ഉപഭോക്തൃ കേന്ദ്രങ്ങളിൽ 120 ദിർഹം ലേല ഫീസായി നൽകണം. ഫീസ് റീഫണ്ട് ചെയ്യുകയില്ല. ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ദുബായ് ഡ്രൈവ് ആപ്പ് ഉപയോഗിച്ച് ഓൺലൈനായും പണമടയ്ക്കാം.