രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഫോളോവേഴ്സിൽ വലിയ കൊഴിഞ്ഞുപോക്ക് നേരിട്ട് മുംബൈ ഇന്ത്യൻസ്. 24 മണിക്കൂറിനുള്ളിൽ മുംബൈ ഇന്ത്യൻസിന് ഇൻസ്റ്റഗ്രാമിൽ നഷ്‌ടമായത് 8 ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണെന്നാണ് റിപ്പോർട്ട്.
രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നു മാറ്റി പകരം ഹാർദിക് പാണ്ഡ്യയെ കൊണ്ടുവന്നതിൽ ശക്തമായ പ്രതിഷേധത്തിലാണ് ആരാധകർ. ഇതിന്റെ ഭാഗമായാണ് ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വലിയ കൊഴിഞ്ഞുപോക്ക് നേരിടുന്നത്. രണ്ട് സീസൺ മുമ്പ് മുംബൈ വിട്ട് ഗുജറാത്തിലേക്ക് പോയ ഹാർദിക് പാണ്ഡ്യയെ തിരിച്ചുവിളിച്ച് ക്യാപ്റ്റനാക്കിയതാണ് ഭൂരിഭാഗം ആരാധകരും പ്രതിഷേധിക്കാൻ കാരണം. മുംബൈ ഇന്ത്യൻസ് ടീമിന്റെ തൊപ്പിയും ജേഴ്‌സിയും ചില ആരാധകർ കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു. മുംബൈ ഇന്ത്യൻസിനെ വിമർശിച്ച് ‘shameonMI’ എന്ന ഹാഷ്‌ടാഗ് എക്‌സിൽ തരംഗമായിരിക്കുകയാണ്.
2022 സീസണിന് മുമ്പാണ് ഹാർദിക് പാണ്ഡ്യ മുംബൈ വിട്ട് തുടക്കക്കാരായ ഗുജറാത്ത് ടൈറ്റൻസിൽ ചേർന്നത്. വൻ തുക പ്രതിഫലത്തിന് പുറമെ ക്യാപ്റ്റൻ സ്ഥാനവും നൽകിയാൽ മുംബൈയിലേയ്ക്ക് തിരിച്ചുവരാമെന്ന ഡിമാന്റ് ഹാർദിക് പാണ്ഡ്യ മാനേജ്‌മെന്റിന് മുന്നിൽ വെച്ചതോടെ 15 കോടി രൂപ നൽകിയാണ് ഗുജറാത്ത് ക്യാപ്റ്റനായ പാണ്ഡ്യയെ മുംബൈ ടീമിലെത്തിച്ചത്.