ലോകം ക്രിസ്തുമസ് കാലത്തേക്ക് എത്തുമ്പോൾ ഒരിക്കൽ കൂടി ചർച്ചയാവുകയാണ് എത്യോപ്യ എന്ന ആഫ്രിക്കൻ രാജ്യം. വിചിത്രമായ ജീവിതരീതിയും പുരാതന കലണ്ടറും ഒക്കെയാണ് എത്യോപ്യയെ വെത്യസ്തമാക്കുന്നത്. ലോകരാജ്യങ്ങൾ 2023ൻ്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ എത്യോപ്യ 2016ൻ്റെ പകുതിയിലേക്ക് എത്തുന്നതേയുളളു
ജനുവരിയിലെ ക്രിസ്തുമസ്
നമ്മുടെ ഗ്രിഗോറിയൻ കലണ്ടറിൽ ഒരുവർഷം എന്നത് 12 മാസമായി കണക്കാക്കുമ്പോൾ ഓരോ വർഷവും 13 മാസമുളള കലണ്ടറാണ് എത്യോപക്കാർ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളേക്കാൾ വളരെ പിന്നിലാണ് ഇവരുടെ ജീവിതം. എത്യോപ്യൻ കലണ്ടറിലെ 12 മാസങ്ങൾക്ക് 30 ദിവസങ്ങൾ വീതമുണ്ട്. പാഗുമെ എന്ന് വിളിക്കുന്ന അവസാന മാസത്തിൽ അഞ്ച് ദിവസവും.
അതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങൾ ഡിസംബർ 25 ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ എത്യോപ്യയിൽ ജനവരി 7നാണ് ക്രിസ്തുമസ് എത്തുക. ഗെന്ന എന്ന പേരിലാണ് ഇവിടുത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ. 43 ദിവസം നീണ്ടുനിൽക്കുന്ന നോമ്പും ക്രിസ്തുമസിൻ്റെ ഭാഗമായി എത്യോപ്യയിലെ വിശ്വാസികൾക്കുണ്ട്. ക്രിസ്തുമസിന് 12 ദിവസം കഴിഞ്ഞെത്തുന്ന തിംകത് ചടങ്ങുകളോടെയാണ് ഇവരുടെ ആഘോഷങ്ങൾ കൊടിയിറങ്ങുക.
വ്യത്യസ്ത ആഫ്രിക്കൻ രാജ്യം
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വിഭിന്നമാണ് എത്യോപ്യയിലെ ജീവിതവും സംസ്കാരവും. ആഫ്രിക്കയുടെ വടക്കു കിഴക്കായാണ് രാജ്യം സ്ഥിതി ചെയ്യുന്നത്. പുതിയ പുഷ്പം എന്ന് വിശേഷണമുളള ആഡിസ് അബാബയാണ് എത്യോപ്യയുടെ തലസ്ഥാന നഗരി. പ്രാചീനമായ ദേവാലയങ്ങൾ മുതൽ ആധുനികത തുളുമ്പുന്ന തെരുവുകൾ വരെ ഇവിടെയുണ്ട്.
ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണിത്. ഏകദേശം 8.5 കോടി ജനങ്ങൾ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങൾ നിരകളും ഇവിടെയുണ്ട്. സമുദ്രനിരപ്പിൽനിന്നും 100 മീറ്ററിലധികം താഴ്ചയുളള പ്രദേശങ്ങളും എത്യോപ്യയുടെ പ്രത്യേകതയാണ്. കാപ്പിയുടെ ജന്മദേശമായി കരുതപ്പെടുന്ന നാടുകൂടിയാണ് എത്യോപ്യ.
നാലുഭാഗവും കരകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് എത്യോപ്യ. ഡാൻക്വിൽ മരുഭൂമിയിൽ ജീവിക്കുന്ന ആഫാർ വിഭാഗവും പടിഞ്ഞാറുഭാഗത്ത് നിലോട്ടിക്കുകളുമാണുളളത്. തെക്ക് ഒറോമൊ വിഭാഗത്തിൽപ്പെട്ടരും മധ്യ പർവതപ്രദേശങ്ങളിൽ അംഹാറ വംശജരുമുണ്ട്. മുന്നൂറോളം ഗോത്രഭാഷകളാണ് ഈ പ്രദേശങ്ങളിലുളളതെന്നും പഠനങ്ങൾ പറയുന്നു.
ഓരോവർഗങ്ങൾക്കിടയിലും തങ്ങളുടേതായ തലമുടി ശൈലിയും വസ്‌ത്രധാരണവും വാസ്‌തുവിദ്യയും നിലവിലുണ്ട്.
ചരിത്രവും സഞ്ചാരവും
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നാടുകൂടിയാണ് എത്യോപ്യ. തലസ്ഥാന നഗരമായ ആഡിസ് അബാബയിലെ നാഷണൽ മ്യൂസിയം വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന ലൂസി എന്ന അസ്ഥികൂടം പഴയകാല എത്യോപിയയുടെ ചരിത്രവും സംസ്കാരവും വ്യക്തമാക്കുന്നു. ആഡിസ് അബാബയിൽ നിന്ന് മാറിയുളള മൌണ്ട് എൻടൊട്ടോ കുന്ന് സഞ്ചാരികളുടെ പറുദീസയാണ്. പുരാതനമായ ഒരു ദേവാലയമാണ് ഇവിടുത്തെ പ്രധാന ആകർഷണം. കൂടാതെ എത്യോപ്യൻ ചക്രവർത്തി മേനാലിക് രണ്ടാമൻ പണി കഴിപ്പിച്ച കൊട്ടാരവും ഇവിടെയുണ്ട്.
എത്യോപ്യയെപ്പോലെ ഇവരും
എത്യോപ്യയെപ്പോലെ ക്രിസതുമസ് വൈകുന്ന രാജ്യങ്ങൾ വേറെയുമുണ്ട്. മധ്യേഷ്യയിലെയും കിഴക്കന്‍ യൂറോപ്പിലെയും ചില രാജ്യങ്ങളാണ് ജനുവരിയില്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. ജൂലിയൻ കലണ്ടർ പിന്തുടരുന്ന രാജ്യങ്ങളാണിത്. ബെലാറസ്, ഈജിപ്ത്, ജോര്‍ജിയ,കസാക്കിസ്ഥാന്‍, സെര്‍ബിയ എന്നീ രാജ്യങ്ങളാണ് ജനുവരിയിൽ ക്രിസ്തുസ് ആഘോഷിക്കുന്നത്. ജനുവരിയിലാണ് ആഘോഷമെങ്കിലും ക്രിസ്തുമസ് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഇവിടെ മാറ്റങ്ങളൊന്നുമില്ല.
കലണ്ടർ വെത്യസം
റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസറിൻ്റെ കാലത്ത് (ബിസി 45) രൂപമെടുത്ത കലണ്ടറാണ് ജൂലിയന്‍ കലണ്ടര്‍. എന്നാൽ 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ്റെ നേതൃത്വത്തിലാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ വരുന്നത്. സൂര്യൻ്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് ലഭ്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ രൂപപ്പെട്ടത്. പിൽക്കാലത്ത് ഗ്രിഗോറിയൻ കലണ്ടറിന് കൂടുതൽ സ്വീകാര്യത ലഭിക്കുകയായിരുന്നു.
ഇറ്റലിയിലെ ക്രിസ്തുമസ്
ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുന്ന രാജ്യമാണെങ്കിലും ഇറ്റലിയിലെ ക്രിസ്തുമസ് ആഘോഷങ്ങൾ ജനുവരി ആറിനാണ്. യേശുവിൻ്റെ ജനനത്തിന് ശേഷം മൂന്നുപേർ സമ്മാനങ്ങളുമായി ശിശുവിനെ കാണാനെത്തിയ ദിവസമാണ് ആഘോഷത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മതനിയമങ്ങൾ കർശനമായി നിലനിൽക്കുന്ന ചില രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുമുണ്ട്. എന്തായാലും ശാന്തിയുടേയും സമാധാനത്തിൻ്റേയും സന്ദേശം ഉയർത്തി ഒരു ക്രിസ്തുമസ് കാലംകൂടി വരികയാണ്,,