പ്രവാസികളുടെ ഏറെ നാളായുള്ള ആവശ്യവും ആഗ്രഹവുമാണ് കേരളവും ഗള്‍ഫ് നാടുകളും തമ്മിലുള്ള യാത്രാകപ്പൽ സർവ്വീസ്. കഴിഞ്ഞ ദിവസം കപ്പൽ സർവ്വീസ് തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. ഹൈബി ഈഡന് എം.പി.യുടെ ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്ര കപ്പല്‍ ഗതാഗതമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടതായി അറിയിച്ചത്.
കനത്ത വിമാനക്കൂലിയ്ക്ക് ഒരു പരിധിവരെ പ്രവാസി സമൂഹത്തിന് ആശ്വാസമാകും ഈ പദ്ധതി. വിമാനടിക്കറ്റിന്റെ മൂന്നിലൊരു ഭാഗം മാത്രമേ കപ്പലിന് വരുകയുള്ളൂ എന്നതാണ് ഏറെ ശ്രദ്ധേയം. കൂടാതെ വിമാനത്തില്‍ കൊണ്ടുവരുന്ന ലെഗേജിന്റെ മൂന്നിരട്ടി കപ്പലില്‍ കൊണ്ടുവരാനും കഴിയും.
അതേസമയം ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞതായി മറ്റൊരു മാധ്യമവും റിപ്പോർട്ട് ചെയ്തു. ജൂലൈ മുതൽ പൂർണതോതിൽ കപ്പൽ സർവീസ് സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. കപ്പൽ സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം നടപടികൾ മുന്നോട്ടുപോകുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .