നിരവധി വിമർശനങ്ങൾക്ക് ശേഷം ചെന്നൈ നഗരത്തിൽ പ്രളയം നാശം വിതയ്ക്കുമ്പോൾ പ്രളയബാധിതരെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ. ചെന്നൈയ്ക്ക് വേണ്ട സഹായങ്ങൾ എല്ലാവരും ചെയ്യണമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.
‘നമ്മുടെ ഹൃദയം ദുരിതബാധിതരെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. അവരെ പിന്തുണയ്ക്കാനും അവബോധം പ്രചരിപ്പിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംഭാവന നൽകാനും നമുക്ക് ഒരുമിച്ച് നിൽക്കാം’ എന്നാണ് റഹ്‌മാൻ എക്സിൽ കുറിച്ചത്. അതേസമയം പ്രളയക്കെടുതിക്കിടെ പുതിയ ഗാനത്തിന്റെ റിലീസിങ് പോസ്റ്റ് പങ്കുവച്ചത് റഹ്മാനെ വലിയ വിവാദത്തിലായിരുന്നു. വിവരമില്ലായ്മ എന്ന് കുറിച്ചാണ് പലരും റഹ്‌മാനെ വിമർശിച്ചത്. അതിനു പിന്നാലെയാണ് പ്രളയബാധിതരെ സഹായിക്കണമെന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത്.
പിപ്പ എന്ന ചിത്രത്തിന് വേണ്ടി റഹ്‌മാൻ ഈണമൊരുക്കിയ ‘മേൻ പർവനാ’ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ‘താളത്തെ സ്വീകരിക്കുക. ഈ പാട്ടിലെ ചടുലമായ സ്‌പന്ദനങ്ങൾ നിങ്ങളുടെ നൃത്തത്തെ നയിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു റഹ്‌മാൻ പോസ്‌റ്റിട്ടത്. ഇതിനുപിന്നാലെ വിമർശനങ്ങൾ ഒന്നിനുപുറകെ ഒന്നായി ഉയരുകയായിരുന്നു. തികച്ചും അനുചിതമായ സമയത്താണ് റഹ്‌മാൻ ഇത്തരത്തിലൊരു പ്രമോഷൻ പോസ്‌റ്റ് പങ്കുവച്ചതെന്നും ഇത് ബോധമില്ലായ്മയാണെന്നും ജനം പ്രതികരിച്ചു.
റഹ്മാന്റെ പിആറിനെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ജീവൻ തിരികെ കിട്ടുമോയെന്നു പോലും ഉറപ്പില്ലാതെ പ്രളയത്തിൽ മുങ്ങിക്കഴിയുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു പോസ്റ്റ് റഹ്‌മാന്റെ ഭാഗത്ത് നിന്നുണ്ടാകരുതായിരുന്നുവെന്നും ചിലർ കുറ്റപ്പെടുത്തി. എന്നാൽ വിമർശനങ്ങളോട് റഹ്മാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.