മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ പെല്ലിശ്ശേരി മാജിക്കിനപ്പുറം ലാലേട്ടന്റെ തിരിച്ചുവരവാകുമോ ചിത്രം എന്നാണ് ആരാധകർക്ക് അറിയേണ്ടതും കാത്തിരിപ്പിന്റെ ആവേശം കൂട്ടുന്നതും. ഇന്നുവരെ കാണാത്തൊരു മോഹൻലാലിനെ ആണോ ലിജോ മലയാളികൾക്ക് സമ്മാനിക്കുക എന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. 2023ലോ 2022ലോ മോഹൻലാൽ ചിത്രങ്ങൾക്ക് കാര്യമായ ചലങ്ങൾ ബോക്സോഫീസിൽ സൃഷിക്കാൻ സാധിച്ചിട്ടില്ല. മികച്ച സംവിധായകരെയും മികച്ച കഥകളും തെരഞ്ഞെടുക്കുന്നതിൽ സൂപ്പർസ്റ്റാറിനുണ്ടായ പിഴവ് തന്റെ കരിയർ ഗ്രാഫ് കൂപ്പു കുത്തുന്നതിലേക്ക് നയിച്ചു.
2023ലെ മോഹൻലാൽ ചിത്രം
മോഹൻലാലിന്റ 2023ലെ ചിത്രം ‘എലോൺ’ തീർത്തും പരാജയമായിരുന്നു. ഈ വർഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്. ഒടിടിയ്ക്ക് വേണ്ടി നിർമ്മിച്ച ചിത്രം തിയേറ്റർ റിലീസാക്കി എന്ന പഴികേട്ട ചിത്രമാണ് മോഹൻലാൽ – ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്ന ‘എലോൺ’ . മോഹൻലാൽ മാത്രം അഭിനേതാവായി എത്തിയ ചിത്രമാണ് എലോൺ. ശബ്ദം കൊണ്ട് മറ്റ് താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുവെങ്കിലും അഭിനയിച്ചിരിക്കുന്നത് മോഹൻലാൽ മാത്രമാണ്. ഒരുപാട് നാളുകൾക്ക് ശേഷം ഷാജി കൈലാസ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്നചിത്രത്തിനായി പ്രേഷകരുടെ ആവേശം വാനോളമായിരുന്നു. എന്ന പ്രേഷക പ്രീതി നേടാൻ കഴിയാതെ എലോൺ തകർന്നടിഞ്ഞു.
‘മലൈക്കോട്ടെ വാലിബനായുള്ള’ കാത്തിരിപ്പ്
ഈ വർഷം ക്രിസ്തുമസിന് ‘മലൈക്കോട്ടൈ വാലിബൻ’ എത്തുമെന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ. എന്നാൽ 2024 ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഒടുവിലെ റിപ്പോർട്ട്. മോഹൻലാൽ ആരാധകരെയും സിനിമാ പ്രേമികളെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും മലൈക്കോട്ടെ വാലിബൻ എന്നാണ് റിപ്പോർട്ടുകൾ. ഗുസ്തിക്കാരനായാണ് മോഹൻലാൽ എത്തുക. രാജസ്ഥാനിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം നടന്നത്. അതിനാൽ തന്നെ മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു ദൃശ്യാനുഭവം സിനിമ നൽകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ആസ്വാദകർ.
‘മലൈക്കോട്ടെ വാലിബനെപ്പറ്റി’ ലാലേട്ടൻ പറഞ്ഞത്
ഞങ്ങൾ വലിയ പ്രതീക്ഷയിലാണ്. വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് മലൈക്കോട്ടെ വാലിബൻ. അതിനെ ട്രീറ്റ് ചെയ്തേക്കുന്ന രീതി അത്തരത്തിലാണ്. വെസ്റ്റേൺ ഫിലിം എന്ന തരത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്. അതിനൊരു കാലദേശങ്ങളൊന്നും ഇല്ലാത്ത കഥയാണ്. ഒരുപക്ഷെ, മലയാള സിനിമയിൽ ആദ്യമായി കാണുന്ന തരത്തിലായിരിക്കും പ്രകടനങ്ങൾ. വലിയ ക്യാൻവാസിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിജോ നല്ല ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. മാസ്സായും സീരിയസ് ഫിലിമായുമെല്ലാം മലൈക്കോട്ടെ വാലിബാനെ കാണാം. അതെല്ലാം കാഴ്ചക്കാരുടെ മനസ്സ് പോലെയാണ്’- മോഹൻലാൽ പറഞ്ഞു. ഈ വാക്കുകളിൽ പ്രതീക്ഷയും വിശ്വാസവും അർപ്പിക്കുകയാണ് ആരാധകർ
ലിജോ മാജിക് ഒരിക്കൽ കൂടി
തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജല്ലിക്കെട്ട് , നൻ പകൽ നേരത്ത് മയക്കം എന്നീങ്ങനെ ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ‘നായകൻ’, ‘ആമേൻ’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്. ഇത്തവണ ലിജോ എന്ത് മാജിക്കാകും ഒളിപ്പിച്ചുവച്ചിരിക്കുക എന്ന് അറിയാൻ റിലീസ് വരെ കാത്തിരിക്കണം. ഒരുപക്ഷേ ഈ ചിത്രത്തിൽ ലാലേട്ടന്റെ വമ്പൻ തിരിച്ചവരവ് അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാൻ ലാൽ ഫാൻസിന് ആവില്ല.