നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി സിംഗിള്‍ ജഡ്ജിന്റേതാണ് ഉത്തരവ്.
ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദേശം. പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ജഡ്ജ് വ്യക്തമാക്കി. ജില്ലാ ജഡ്ജി വസ്തുതാപരമായി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണമെന്നും കോടതി പറഞ്ഞു.
വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നുമായിരുന്നു ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കോടതി ദിലീപിനോട് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയതുമായി ബന്ധപ്പെട്ട നടിയുടെ ആശങ്കകള്‍ കോടതി ഗൗരവപൂര്‍വം പരിഗണിച്ചു. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് തന്റെ സ്വകാര്യതയേയും നിലനില്‍പ്പിനേയും ബാധിക്കുന്ന നടിയുടെ വാദവും കോടതി മുഖവിലയ്ക്കെടുത്തു.