സ്വയം പ്രവർത്തിക്കുന്ന (വെൻഡിങ്) മെഷീനുകൾ വഴി എനർജി ഡ്രിങ്കുകളുടെയും പുകയില ഉൽപന്നങ്ങളുടെയും വിൽപനക്ക് ജിദ്ദ മുനിസിപ്പൽ ഗ്രാമ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. നാലു തരം സ്ഥലങ്ങളിൽ ഈ മെഷീനുകൾ സ്ഥാപിച്ച് വിൽപന നടത്തുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന റോഡുകൾക്ക് സമീപം, ട്രാഫിക് സിഗ്നലുകൾക്ക് സമീപം, അപകടകരമായ മാലിന്യം നിക്ഷേപിക്കുന്നതും മലിനജലം ഒഴുകുന്നതുമായ തുറന്ന സ്ഥലങ്ങൾക്ക് സമീപം, രണ്ട് മീറ്റർ അകലത്തിനുള്ളിൽ ചൂടും തീയുമുള്ള സ്ഥലം എന്നിവിടങ്ങളിലാണ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം പൊതുസ്ഥാപനങ്ങൾ, പൊതുപാർക്കുകൾ, സേവനകേന്ദ്രങ്ങൾ,ഇവൻറുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, മുനിസിപ്പൽ കേന്ദ്രങ്ങൾ, വാണിജ്യതെരുവുകൾ, ബലദിയ തട്ടുകടകൾ, ഷോപ്പിങ് മാളുകൾ, പൊതുഗതാഗത സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സെൽഫ് സർവിസ് വെൻഡിങ് മെഷീനുകൾക്ക് അനുമതിയുണ്ടെന്നും ‘ഇതിലാഅ്’ പ്ലാറ്റ്ഫോമിലുടെ മന്ത്രാലയം വിശദീകരിച്ചു. എന്നാൽ മെഷീനുകൾ വഴി വിൽക്കുന്ന ഉൽപന്നങ്ങൾ രാജ്യത്ത് വിൽപനാനുമതിയുള്ളവയായിരിക്കണം എന്നത് നിർബന്ധമാണ്. വ്യാപാര വ്യസ്ഥകൾക്ക് അനുസൃതവുമായിരിക്കുകയും വേണം.
നിബന്ധനകൾ
* ഉൽപന്നങ്ങൾ ഗുണനിലവാരമുള്ളവയായിരിക്കണം
*കാലാവധി കഴിഞ്ഞതാവരുത്
* വൈകല്യങ്ങളും കേടുപാടുകളും ഉണ്ടാവരുത്
* വ്യാജമായി നിർമിക്കപ്പെട്ടവ ആവരുത്
* ഉൽപന്നത്തിന് തിരിച്ചറിയൽ കോഡ് ഉണ്ടായിരിക്കണം
ഉപഭോക്താവിന് നൽകുന്ന ഉൽപന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക, ഉപഭോക്തൃ സംതൃപ്തിയുടെ നിലവാരം ഉയർത്തുക, സ്വയം സേവന യന്ത്രങ്ങൾക്കുള്ള നിയന്ത്രണ നടപടിക്രമങ്ങൾ ഏകീകരിക്കുക,ജീവിതനിലവാരം ഉയർത്തുന്നതിന് സംഭാവന ചെയ്യുക എന്നിവയാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്.