നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തരംഗം സൃഷ്ടിച്ച് ബി.ജെ.പി. രാജസ്ഥാനും ഛത്തീസ്ഗഡും തിരിച്ചുപിടിച്ച ബി.ജെ.പി മധ്യപ്രദേശിൽ ഭരണം നിലനിർത്തി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയിക്കാനായത് തെലങ്കാനയിൽ മാത്രമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കാറായപ്പോഴുള്ള ഈ ജനവിധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും കരുത്തേകുന്നതാണ്. ഈ സംസ്ഥാനങ്ങൾക്കൊപ്പം തിരഞ്ഞെടുപ്പ് നടത്തിയ മിസോറാമിലെ ഫലം നാളെ പുറത്തുവരും.
ഛത്തീസ്ഗഡും മധ്യപ്രദേശും കൈവിട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറി. കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലം. നേതൃത്വത്തിന് വഴങ്ങാത്ത സംസ്ഥാന നേതാക്കളുമായി മത്സരത്തിനിറങ്ങിയ കോൺഗ്രസിനെ ജനങ്ങൾ കൈയ്യൊഴിയുകയായിരുന്നു. രാഷ്ട്രീയതാത്പര്യത്തിനുപരിയായി നേതാക്കന്മാർ പ്രകടിപ്പിച്ച വ്യക്തിതാത്പര്യങ്ങളാണ് ഇരു സംസ്ഥാനങ്ങളിലെയും കോൺഗ്രസിന്റെ തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തൽ.
തെലങ്കാനയിൽ വിജയമുറപ്പിച്ചുനിന്ന ബിആർഎസിനെയും നേതാവ് കെ ചന്ദ്രശേഖര റാവുവിനേയും അട്ടിമറിച്ച് കേവലഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് മുന്നേറിയത്. കെസിആറിന്റെ ക്ഷേമപദ്ധതികളേയും ബി.ജെ.പിയുടെ വോട്ട് ഭിന്നിപ്പിക്കലിനേയും മറികടന്ന് രേവന്ത് റെഡിയാണ് കോൺഗ്രസിന് വിജയം സമ്മാനിച്ചത്. സംസ്ഥാന രൂപീകരണശേഷം കോൺഗ്രസ് ആദ്യമായാണ് തെലങ്കാനയിൽ അധികാരത്തിലെത്തുന്നത്.
കമൽനാഥിൻ്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. രാജസ്ഥാനിലും കോൺഗ്രസിൻ്റെ അവസ്ഥ ദയനീയമാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം പാർട്ടിയെ തകർത്തു. ഉൾപാർട്ടി പ്രശ്നങ്ങൾ ബിജെപിക്കും ഉണ്ടായിരുന്നിട്ടും അനായാസം വിജയം ഉറപ്പിക്കാൻ പാർട്ടിക്കായി. ഛത്തീസ്ഗഡിൽ ലീഡ് നിലയിൽ കോൺഗ്രസ് ഏറെ മുന്നിട്ടു നിന്നെങ്കിലും അവസാന ഘട്ടത്തിലേയ്ക്കെത്തിയപ്പോൾ ബിജെപി ചുവടുറപ്പിക്കുകയായിരുന്നു. ഇതോടെ ഛത്തീസ്ഗഡിലും കോൺഗ്രസിന്റെ പ്രതീക്ഷ അസ്തമിച്ചു. മധ്യപ്രദേശിൽ ഭൂരിപക്ഷം വർധിപ്പിച്ച് ഭരണത്തുടർച്ച ബിജെപി ഉറപ്പാക്കി. ആകെ 200 സീറ്റുകളുള്ള രാജസ്ഥാനിൽ ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥി മരിച്ചതിനെത്തുടർന്ന് ഫലപ്രഖ്യാപനം മാറ്റിവെച്ചു.
തിരഞ്ഞെടുപ്പ് ഫലം (അന്തിമ ഫലം തയ്യാറായിട്ടില്ല)
* മധ്യപ്രദേശ്: ആകെ സീറ്റ് – 230
ബിജെപി: 166 (55 സീറ്റ് അധികം ലഭിച്ചു)
കോൺഗ്രസ്: 63 (51 സീറ്റ് കുറഞ്ഞു)
* രാജസ്ഥാൻ: ആകെ സീറ്റ് – 199
ബിജെപി: 116 (43 സീറ്റ് അധികം ലഭിച്ചു)
കോൺഗ്രസ്: 69 (31 സീറ്റുകൾ കുറഞ്ഞു)
* ഛത്തീസ്ഗഡ്: ആകെ സീറ്റ് – 90
ബിജെപി: 57 (42 സീറ്റ് അധികം ലഭിച്ചു)
കോൺഗ്രസ്: 33 (35 സീറ്റ് കുറഞ്ഞു)
* തെലങ്കാന: ആകെ സീറ്റ് – 119
കോൺഗ്രസ്: 64 (45 സീറ്റ് അധികം ലഭിച്ചു)
ബിആർസ്: 40 (48 സീറ്റ് കുറഞ്ഞു)
ബിജെപി: 9 (7 സീറ്റ് അധികം ലഭിച്ചു)