ഛത്തീസ്ഗഢിലെയും മധ്യപ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ഛത്തീസ്ഗഢിൽ കോൺഗ്രസിന് ആശ്വാസം നൽകുന്ന വിധത്തിൽ അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് പ്രവചനം. എന്നാൽ മധ്യപ്രദേശിൽ ബിജെപിക്കാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്.
ഛത്തീസ്‌ഗഢിൽ ഭൂപേഷ് ബാഘേലിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിൽ തുടരുമെന്നാണ് എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. ഇത്തവണ ബിജെപി നില മെച്ചപ്പെടുത്തുമെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കില്ലെന്നാണ് പ്രവചനങ്ങൾ. 90 സീറ്റുകളുള്ള ഛത്തീസ്ഗഢിൽ 46 സീറ്റുകളാണ് അധികാരം പിടിക്കാനായി വേണ്ടത്. എല്ലാ ഏജൻസികളും കോൺഗ്രസിന് അനുകൂലമായ ഫലമുണ്ടാകുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. 2018-ൽ കോൺഗ്രസ് 68 സീറ്റുകൾ നേടിയാണ് അധികാരത്തിലേറിയത്. ബിജെപിക്ക് 15 സീറ്റുകൾ മാത്രമാണ് നേടാനായിരുന്നത്. ഡിസംബർ മൂന്നിനാണ് ഇവിടെ വോട്ടെണ്ണൽ നടക്കുക.
എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ മധ്യപ്രദേശിൽ ബി.ജെ.പിയ്ക്കാണ് മുൻതൂക്കം. ചില ഫലങ്ങളിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നും പറയുന്നുണ്ട്. എങ്കിലും ബി.ജെ.പി 140 മുതൽ 162 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 68 മുതൽ 90 സീറ്റുവരെ സ്വന്തമാക്കുമെന്നും മറ്റുള്ളവർ മൂന്ന് സീറ്റുവരെ നേടുമെന്നും ഫലം സൂചിപ്പിക്കുന്നുണ്ട്.