ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി കത്താറ കൾച്ചറൽ വില്ലേജിൽ പുതിയ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചു. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ കോർപ്പറേഷന്റെ (കഹ്റാമ) നേതൃത്വത്തിലാണ് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്. 180 കിലോവാട്ട് ശേഷിയുള്ള സ്റ്റേഷനാണ് നിർമ്മിച്ചത്.
ഫിഫ ലോകകപ്പിന് മുന്നോടിയായി രാജ്യത്തുടനീളം 100 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ കഹ്റാമയുടെ നേതൃത്വത്തിൽ രാജ്യത്ത് സ്ഥാപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ നടപടി. വൈദ്യുത വാഹനങ്ങൾക്കായുള്ള രാജ്യത്തെ അതിവേഗ ചാർജിങ് പോയിൻ്റുകളിൽ ഒന്നാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.
2025-നകം രാജ്യത്തുടനീളം 600 മുതൽ 1,000 അതിവേഗ ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കാനാണ് കഹ്റാമ ലക്ഷ്യമിടുന്നത്. ഖത്തർ ഫ്യുവൽ കമ്പനിയായ വൊഖോദിന്റെ 22 സ്റ്റേഷനുകളിലായി 37 ഇ-വാഹന ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കാനും കഹ്റാമ കരാറിലെത്തിയിരുന്നു.