ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയതിന് പിന്നാലെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ്. ശുഭ്മൻ ഗില്ലിനെയാണ് ടീമിൻ്റെ ക്യാപ്റ്റനായി ടൈറ്റൻസ് മാനേജ്മെന്റ് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ടൈറ്റൻസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റും വന്നിട്ടുണ്ട്. രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച ഹാർദിക് വലിയ കാര്യങ്ങളാണ് ചെയ്തതെന്ന് ഡയറക്ടർ വിക്രം സോളങ്കി പറഞ്ഞു.
𝐂𝐀𝐏𝐓𝐀𝐈𝐍 𝐆𝐈𝐋𝐋 🫡#AavaDe pic.twitter.com/tCizo2Wt2b
— Gujarat Titans (@gujarat_titans) November 27, 2023
‘ടീമിൻ്റെ ആദ്യ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യ മികച്ച രണ്ട് സീസണുകളാണ് നൽകിയത്. രണ്ട് തവണയും ടീം ഫൈനലിൽ എത്തുകയും ഒരു തവണ ഐപിഎൽ കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇപ്പോൾ പഴയ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിപ്പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ആ തീരുമാനത്തെ മാനിക്കുന്നതോടൊപ്പം അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു’ എന്നാണ് വിക്രം സോളങ്കി പ്രസ്താവനയിൽ പറഞ്ഞത്.
Farewell and best wishes on your next journey.
Go well, HP! #IPLRetention pic.twitter.com/awCxZzXesc— Gujarat Titans (@gujarat_titans) November 27, 2023
7 ഐപിഎൽ സീസണുകളിൽ മുംബൈയ്ക്കൊപ്പമായിരുന്ന ഹാർദിക്കിനെ 2022-ലെ ലേലത്തിലാണ് മുംബൈ ടീമിൽ നിന്ന് റിലീസ് ചെയ്തത്. തുടർന്ന് ഗുജറാത്ത് ടൈറ്റൻസിലെത്തിയ താരം 2 സീസണുകളിൽ ടീമിനെ ഫൈനലിലേക്ക് നയിച്ചു. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഇന്ത്യൻസ് ഹാർദിക്കിനെ തിരിച്ചുപിടിച്ചത്. 15 കോടി രൂപ മൂല്യമുള്ള ഹാർദിക്കിനെ സ്വന്തമാക്കാൻ പണമില്ലാതിരുന്ന മുംബൈ ഇതിനായി കഴിഞ്ഞ വർഷത്തെ ലേലത്തിൽ 17.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് കൈമാറിയിരുന്നു.