കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ. പല തവണ ചൂണ്ടിക്കാട്ടിയെങ്കിലും പദ്ധതിവിഹിതം ലഭിക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിക്കുന്നതിൽ കേരളം വീഴ്ചവരുത്തുന്നു. സാമൂഹ്യക്ഷേ പെൻഷനുകൾക്ക് ആവശ്യമായ തുക എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് നൽകുന്നുണ്ട്.
കേന്ദ്ര വിഹിതം നേടിയ ശേഷം സംസ്ഥാന സർക്കാർ പദ്ധതികളുടെ പേര് മാറ്റുകയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.
കേരളത്തിൻറെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ദീർഘവീക്ഷണത്തോടെയുള്ള സമീപനം സ്വീകരിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പ്രതികരിച്ചു. സംസ്ഥാനത്തിൻറെ സാമ്പത്തിക നിലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി കേരളത്തിൻറെ വടക്കേയറ്റത്ത് ആരോപണം ഉന്നയിക്കുമ്പാളാണ് തെക്കേയറ്റത്ത് കോടികളുടെ വായ്പാമേള നടക്കുന്നത് എന്നും കേന്ദ്രസഹമന്ത്രി ഓർമ്മിപ്പിച്ചു.
ചെറുകിട– ഇടത്തരം സംരഭകരാണ് കേരളത്തിൻറെ സമ്പദ്വ്യവസ്ഥയുടെ ഭാവി നിർണയിക്കാൻ പോകുന്നത്. അവർക്ക് ഇത്രയേറം പിന്തുണ നൽകിയിട്ടുള്ള മറ്റൊരു സർക്കാരും കേന്ദ്രം ഭരിച്ചിട്ടില്ലെന്നും വി. മുരളീധരൻ പറഞ്ഞു. വിവിധ ജനക്ഷേമ പദ്ധതികളുടെയും സാമൂഹ്യ സുരക്ഷ പദ്ധതികളുടെയും ഗുണം കേരളത്തിൽ എത്രമാത്രം ലഭ്യമാകുന്നുണ്ട് എന്നതും മുരളീധരൻ കണക്കുകൾ സഹിതം ചടങ്ങിൽ വിശദീകരിച്ചു. 6015 കോടിയുടെ വായ്പ സഹായമാണ് ആറ്റിങ്ങലിൽ വിതരണം ചെയ്തത്.