യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശന നടപടികൾ അവസാനിച്ചതോടെ അഡ്മിഷൻ ലഭിക്കാതെ പ്രവാസി വിദ്യാർത്ഥികൾ ദുരിതത്തിലായി. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികളാണ് യുഎഇയിൽ അവസാനിച്ചത്. എന്നാൽ സീറ്റിന്റെ ദൗർലഭ്യത്താൽ പല വിദ്യാർത്ഥികൾക്കും സ്കൂളിൽ അഡ്മിഷൻ ലഭിച്ചില്ല. ഒക്ടോബറിൽ ആരംഭിച്ച പ്രവേശന നടപടികളാണ് ഇവിടെ അവസാനിച്ചത്.
കെജി-1 പ്രവേശനത്തിനായിരുന്നു വലിയ തിരക്ക് അനുഭവപ്പെട്ടത്. കെജി-2 മുതൽ 9 വരെയുള്ള ക്ലാസുകളിലും പരിമിത സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. അപേക്ഷകർ വർധിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് കെ.ജി-1 കുട്ടികളെ തിരഞ്ഞെടുത്തത്. നിലവിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾക്ക് സീറ്റ് നൽകി ശേഷിക്കുന്ന സീറ്റിലേക്കായിരുന്നു നറുക്കെടുപ്പ്. പരിധിയിൽ കൂടുതൽ കുട്ടികളെത്തിയതോടെ സിബ്ലിങ്സ് അഡ്മിഷനും നറുക്കെടുപ്പിലൂടെയാണ് തീരുമാനിച്ചത്. ഓരോ സ്കൂളിലും യഥാർത്ഥത്തിലുള്ള സീറ്റുകളുടെ അഞ്ചും പത്തും ഇരട്ടി അപേക്ഷകൾ ലഭിക്കുമ്പോൾ നറുക്കെടുപ്പല്ലാതെ മറ്റു മാർഗമില്ലെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
കുട്ടികൾക്ക് പ്രതീക്ഷിച്ചിരുന്ന സ്കൂളിൽ അഡ്മിഷൻ ലഭിക്കുമെന്ന് കരുതി മറ്റ് സ്കുളൂകളിൽ അപേക്ഷ സമർപ്പിക്കാതിരുന്ന രക്ഷിതാക്കളും കുറഞ്ഞ ഫീസുള്ള സ്കൂളിൽ അപേക്ഷിച്ച് കാത്തിരുന്നവരും നിരവധിയാണ്. അതിനാൽ പ്രതീക്ഷിച്ചിരുന്ന സ്കൂളുകളിൽ സീറ്റ് കിട്ടിയില്ലെന്ന് മാത്രമല്ല മറ്റു സ്കൂളിലെ പ്രവേശന നടപടികൾ പൂർത്തിയായതോടെ രക്ഷിതാക്കൾ ദുരിതത്തിലായിരിക്കുകയാണ്. ഇനി മക്കളെ പഠനത്തിനായി നാട്ടിലേക്ക് അയക്കേണ്ടിവരുമോ എന്ന ചിന്തയിലാണ് പല മാതാപിതാക്കളും.