വിമാനങ്ങളിൽ ബദൽ ഇന്ധനം ഉപയോഗിക്കാനുള്ള പരീക്ഷണത്തിൽ വിജയിച്ച് ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയർലൈൻസ്. A-380 യാത്രാവിമാനത്തിൽ ആദ്യമായി പൂർണമായും എസ്.എ.എഫ് നിറച്ച് പറന്നാണ് എമിറേറ്റസ് എയർലൈൻ ചരിത്രം സൃഷ്ടിച്ചത്. ബദൽ ഇന്ധനം നിറച്ച വിമാനവുമായി ക്യാപ്റ്റൻ ഖാലിദ് ബിൻ സുൽത്താൻ, ക്യാപ്റ്റൻ ഫിലിപ്പ് ലോബെറ്റ് എന്നിവരാണ് ആകാശത്തേക്ക് പറന്നുയർന്നത്.
ഇന്നലെയായിരുന്നു വ്യോമയാനരംഗത്ത് ഏറെ നിർണായകമായ പരീക്ഷണം എമിറേറ്റ്സ് നടത്തിയത്. ദുബായ് വിമാനത്താവളത്തിൽ വെച്ച് ജെറ്റ് ഫ്യൂവലിന് പകരം എയർ ബസിൻ്റെ 380 യാത്രാ വിമാനത്തിൽ പൂർണമായും ബദൽ ഇന്ധനമായ സസ്റ്റൈബിൾ ഏവിയേഷൻ ഫ്യൂവൽ അഥവാ എസ്.എ.എഫ് നിറയ്ക്കുകയായിരുന്നു. ഈ വിമാനത്തിന്റെ നാല് എഞ്ചിനുകളിൽ ഒന്നിൽ പൂർണമായും എസ്.എ.എഫ് നിറച്ചായിരുന്നു പരീക്ഷണ പറക്കൽ.
ജെറ്റ് ഫ്യൂവലുമായി താരതമ്യം ചെയ്യുമ്പോൾ 85 ശതമാനം കുറവ് കാർബൺ മാത്രമാണ് എസ്.എ.എഫ് പുറന്തള്ളുന്നത്. നിലവിൽ വിമാനങ്ങളിൽ എസ്.എ.എഫ് ഉപയോഗിച്ച് പരീക്ഷണ നടത്തുന്നുണ്ടെങ്കിലും ജെറ്റ് ഫ്യൂവലിൽ 50 ശതമാനം എസ്.എ.എഫ് കലർത്തി മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ എമിറേറ്റ്സ് പൂർണമായും ബദൽ ഇന്ധനം ഉപയോഗിച്ചതോടെ വ്യോമയാന രംഗത്ത് ഇത് വ്യാപകമാകുമെന്നാണ് വിലയിരുത്തൽ.