യുഎഇയിൽ മഴ ശക്തമായതോടെ പകർച്ചവ്യാധികൾ പെരുകുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. പനി, ജലദോഷം, ശ്വാസതടസം തുടങ്ങിയവ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
5 വയസിൽ താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും അതീവ ശ്രദ്ധപുലർത്തണമെന്നും പനിയും അനുബന്ധ രോഗങ്ങളും സംബന്ധിച്ച ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ മഴ നനയുന്നത് പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശത്തിലുണ്ട്.
മലിന ജലത്തിൽ കളിക്കുന്നതിൽ നിന്നും കുട്ടികളെ തടയണമെന്നും അധികൃതർ നിർദേശിച്ചു. വയറിളക്കം, ഛർദ്ദി, പനി, വയറുവേദന, മസിൽ വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഇപ്പോൾ കൂടുതലായും യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.