ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ആറു മാസത്തിനിടയിൽ ഒരു ലക്ഷത്തിലേറെ പേർക്ക് പിഴ ചുമത്തി അബുദാബി പോലീസ്. 800 ദിർഹമാണ് പിഴ ഈടാക്കുന്നത്. കൂടാതെ ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റ്റുകളും ചുമത്തിയിട്ടുണ്ട്.
ഡ്രൈവിംഗ് സമയത്ത് ഫോണിൽ സംസാരിക്കുക, മെസ്സേജുകൾ അയക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, ഫോട്ടോകളോ വിഡിയോകളോ എടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തതിനാണ് ഇത്രയേറെ പേർക്ക് പിഴ ഈടാക്കിയത്. യുവാക്കളാണ് ഇത്തരം തെറ്റുകൾ ചെയ്യുന്നതെന്നും നിയമങ്ങൾ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് പറഞ്ഞു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് നിമയലംഘനങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഗതാഗത നിയമങ്ങൾ പാലിക്കുകയും വാഹനമോടിക്കുമ്പോൾ കൃത്യമായ അകലം പാലിക്കുകയും ഇത്തരം ഫോൺ ഉപയോഗങ്ങൾ കുറയ്ക്കുകയും ചെയ്തെങ്കിൽ മാത്രമേ സുരക്ഷിതമായ ഗതാഗതം സാധിക്കുകയുള്ളു എന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ മേജർ മുഹമ്മദ് ദാഹിയാൽ ഹുമൈദി അറിയിച്ചു.