സൗദി എക്സ്പോ 2025-ന്റെ പവലിയൻ അനാച്ഛാദനം ചെയ്തു. റിയാദിലെ ഒസാക്ക റിവർ ഡോജിമ ഫോറത്തിൽ നടന്ന പരിപാടിയിൽ വെച്ചാണ് ഒസാക്കയുടെ പവലിയൻ ഡിസൈനും ലോഗോയും വെളിപ്പെടുത്തിയത്. സാംസ്കാരിക മന്ത്രി ബാദർ ബിൻ ഫർഹാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും പിന്നീടുള്ള പരിവർത്തനവും വ്യക്തമാക്കുന്ന വിധത്തിലാണ് സൗദി എക്സ്പോയുടെ ലോഗോയും പവലിയന്റെ രൂപകല്പനയും ആസൂത്രണം ചെയ്തിരിക്കുന്നത്. സൗദിയുടെ സാംസ്കാരിക പൈതൃകവും പാരമ്പര്യങ്ങളും സമകാലിക മുന്നേറ്റങ്ങളും പവലിയന്റെ നിർമ്മാണത്തിൽ പ്രകടമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒസാക്ക മേയർ ഹിഡെയുകി യോകോയാമ ഉൾപ്പെടെയുള്ള പ്രമുഖരും ജപ്പാനിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള സർക്കാർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. സാമ്പത്തിക വൈവിധ്യവൽക്കരണവും സാംസ്കാരിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്ന വിഷൻ 2030-ന്റെ ഭാഗമാണ് എക്സ്പോയെന്ന് സൗദി സാംസ്കാരിക വൈസ് മന്ത്രിയും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ ഹമദ് ഫയസ് പറഞ്ഞു.