ദുബായിൽ ക്രെഡിറ്റ് കാർഡ് അടവ് 60 ദിവസത്തിലധികം വൈകിയാൽ കാർഡ് മരവിപ്പിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ. കാർഡിന്റെ പരിധി കഴിയുകയും അടവ് കുടിശികയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കാർഡ് മരവിപ്പിക്കുന്ന നടപടിയിലേയ്ക്ക് കടക്കുക. ക്രെഡിറ്റ് കാർഡ് തുക നിശ്ചിത ദിവസത്തിനുള്ളിൽ അടയ്ക്കാൻ ഉപയോക്താക്കൾ ബാധ്യസ്ഥരാണെന്നും അധികൃതർ പറഞ്ഞു.
അടവ് തെറ്റിക്കുന്നവരുടെ കാർഡ് മരവിപ്പിച്ചാൽ പിന്നീട് പണം അടച്ച് പുതിയ കാർഡിന് അപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. ആദ്യ അടവ് കാലാവധി മുതലാണ് 60 ദിവസം കണക്കാക്കപ്പെടുക. ആദ്യ അടവ് കാലാവധി കഴിഞ്ഞ് 60 ദിവസം പിന്നിട്ടിട്ടും തിരിച്ചടവിൽ 5 ശതമാനം പോലും പൂർത്തിയാക്കാത്തവരുടെ ക്രെഡിറ്റ് കാർഡും നടപടികൾക്ക് വിധേയമാക്കാനാണ് തീരുമാനം.
വേതന വിതരണത്തിന് ആശ്രയിക്കാത്ത ബാങ്കുകളാണ് ക്രെഡിറ്റ് കാർഡ് അടവ് തെറ്റിക്കുന്നവർക്കെതിരെയുള്ള നടപടി വേഗത്തിലാക്കുക. ശമ്പളം വരുന്ന അക്കൗണ്ടും ക്രെഡിറ്റ് കാർഡും ഒരേ ബാങ്കിലാണെങ്കിൽ ഇത്തരം നടപടികൾക്ക് ബാങ്കിൽ നിന്നും സാവകാശം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ അടവ് വൈകുന്നതിന്റെ കാരണം ബാങ്കുകളെ വ്യക്തമായി ബോധ്യപ്പെടുത്തുകയും ചെയ്യണം.