സൗദിയിലെ പുതിയ സൗത്ത് അബ്ഹൂർ ബീച്ച് വാട്ടർ ഫ്രണ്ട് വികസന പദ്ധതി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. 2,05,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പദ്ധതി 2.7 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. പുതുതായി വികസിപ്പിച്ച ബീച്ച് പ്രദേശത്തേക്ക് വ്യാഴാഴ്ച മുതൽ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും പ്രവേശനം അനുവദിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വികസന സംരംഭങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പദ്ധതി. കടൽ നടപ്പാത, പൊതുജനങ്ങൾക്കുള്ള ഹരിത ഇടങ്ങൾ, കടൽ കാഴ്ചക്കുള്ള സൈക്കിൾ പാത, കടൽപ്പാലം, പാർക്കിങ് സ്ഥലങ്ങൾ, കുട്ടികൾക്കായി വിവിധ ഗെയിമുകൾ, കെട്ടിടങ്ങൾ, നീന്താനും ആസ്വദിക്കാനും ഇരിക്കാനും മണൽ നിറഞ്ഞ ബീച്ചുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ വികസന പദ്ധതി.
വൈദ്യുതി സംവിധാനവും മലിനജല ശൃംഖലകളും മഴവെള്ളം ഒഴിഞ്ഞു പോവുന്നതിനും വെള്ളപ്പൊക്ക സാധ്യത തടയുന്നതിനും വേണ്ടി ഡ്രെയിനേജ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് ഒരുക്കിയ കൺട്രോൾ റൂമിൽ മുഴുവൻ സ്ഥലങ്ങളെയും നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ അത്യാധുനിക ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.