ചന്ദ്രയാന്‍ 3 വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഐഎസ്ആർഒ. ജൂലായ് 14 ന് ചന്ദ്രയാൻ 3 പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം വേർപെട്ട എൽവിഎം3 എം4 റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ പതിച്ചതായാണ് ഐഎസ്ആർഒ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങൾക്ക് ശേഷമാണ് റോക്കറ്റ് ഭാഗം ഭൂമിയിൽ പതിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.42-നാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ റോക്കറ്റിന്റെ ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചത്. ഇത് ഇന്ത്യക്ക് മുകളിലൂടെ കടന്നുപോയിട്ടില്ലെന്നും വടക്കൻ പസഫിക് കടലിൽ ഇത് പതിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയും ഐഎഡിസിയും നിർദ്ദേശിച്ച ബഹിരാകാശ അവശിഷ്ട ലഘൂകരണ മാർഗനിർദ്ദേശങ്ങൾ പാലിച്ച് അപ്രതീക്ഷിതമായ സ്ഫോടനങ്ങൾ ഉൾപ്പെടെയുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ചന്ദ്രയാൻ-3 വിന്യസിച്ചതിന് ശേഷം റോക്കറ്റിന്റെ അപ്പർ സ്റ്റേജിലെ പ്രൊപ്പല്ലന്റും ഊർജ്ജ സ്രോതസുകളും നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയകൾ നടത്തിയതായും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.