ദുബായിലെ പ്രമുഖ എയർലൈനായ എമിറേറ്റ്സ് 95 പുതിയ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു. യു.എസ് കമ്പനിയായ ബോയിങ്ങിൽ നിന്നാണ് 95 വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ കമ്പനി തീരുമാനിച്ചത്. ഇതിനായി 19,100 കോടി ദിർഹത്തിന്റെ (52 ബില്യൺ ഡോളർ) കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചു.
ദുബായ് വേൾഡ് സെന്ററിൽ ആരംഭിച്ച എയർ ഷോയിൽ എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമും ബോയിങ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇരുകമ്പനികളും തമ്മിലുള്ള പുതിയ കരാറുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഇതോടെ കമ്പനി ഓർഡർ ചെയ്ത വിമാനങ്ങളുടെ എണ്ണം 295 ആയി ഉയർന്നതായും അധികൃതർ അറിയിച്ചു.
കമ്പനിയുടെ അർധവാർഷിക ലാഭത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി അധികൃതർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 9.4 ശതകോടി ദിർഹമായിരുന്നു കമ്പനിയുടെ ലാഭം. പ്രവർത്തന വരുമാനം ഉൾപ്പെടെ കമ്പനിയുടെ ആകെ വരുമാനം ഇക്കാലയളവിൽ 59.5 ശതകോടിയാണെന്നും കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 19 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയതെന്നും അധികൃതർ വ്യക്തമാക്കി.