തൃശൂർ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാനെന്ന പേരിൽ പ്രാർത്ഥന സംഘടിപ്പിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ.
സെപ്തംബർ മാസമാണ് സംഭവം നടന്നത്. ഓഫീസിൽ സമീപകാലത്തായി നിരവധി പ്രശ്‌നങ്ങൾ ഉണ്ടെന്ന് പറഞ്ഞ്, പരിഹരിക്കാനായി പ്രാർത്ഥന സംഘടിപ്പിക്കുകയായിരുന്നു. കളക്ട്രേറ്റിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. സബ് കളക്ടർക്കാണ് അന്വേഷണ ചുമതല. ശിശു സംരക്ഷണ ഓഫീസർക്കെതിരെയാണ് പരാതി ഉയർന്നത്.
ഓഫീസിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥ തന്നെയാണ് പ്രാർത്ഥന സംഘടിപ്പിച്ചത്. ഈ ഉദ്യോഗസ്ഥ ഒഴികെ ബാക്കിയെല്ലാവരും കരാർ ഉദ്യോഗസ്ഥരായതിനാൽ പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുമില്ല. ആഴ്ചകൾക്ക് മുമ്പ് ഓഫീസ് സമയത്തായിരുന്നു പ്രാർത്ഥന നടന്നത്. പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ ജീവനക്കാരോട് നിർദേശിച്ചിരുന്നു.