കേരളീയം പരിപാടിയുടെ പേരിൽ കോടതിയിൽ ഹാജാരാകാത്തതിനും കെ.എസ്.ആർ.ടി.സി. കേസിലും ചീഫ് സെക്രട്ടറിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നിങ്ങൾ ആഘോഷിക്കുമ്പോൾ ഇവിടെ ചിലർ ബുദ്ധിമുട്ടുകയാണെന്ന് കോടതി പറഞ്ഞു. മാത്രമല്ല, കെ.എസ്.ആർ.ടി.സി. പെൻഷൻ കുടിശിക ഈ മാസം 30-നകം വിതരണം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ പറഞ്ഞു. ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം ഹൈക്കോടതിയിൽ വ്യക്തമാക്കി.
രണ്ടുമാസത്തെ കെ.എസ്.ആർ.ടി.സി. പെൻഷൻ കുടിശ്ശിക നൽകിയിട്ടില്ല. ഒക്ടോബർ മാസത്തെ പെൻഷൻ നവംബർ 30-ന് അകം കൊടുത്ത് തീർക്കാമെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, അതുപോരെന്നും നവംബർ മാസത്തെ പെൻഷൻ കൂടി നവംബർ 30-ന് അകം വിതരണം ചെയ്തിരിക്കണമെന്ന് കോടതി താക്കീത് നൽകി. അങ്ങനെ ചെയ്തില്ലെങ്കിൽ 30-ാം തീയതി വീണ്ടും കോടതിയിലേക്ക് വരൂ എന്നും ചീഫ് സെക്രട്ടറി വി. വേണുവിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.