ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. നെയ്മറിന്റെ പങ്കാളി ബ്രൂണ ബിയാൻ കാർഡിയേയും ഒരു മാസം പ്രായമായ കുഞ്ഞിനെയുമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബ്രൂണയുടെ സാവോപോളോയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ആയുധ ധാരികളായ സംഘം എത്തിയപ്പോൾ ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ശ്രമം പരാജയപ്പെട്ടതോടെ സംഘം ബ്രൂണയുടെ മാതാപിതാക്കളെ കെട്ടിയിടുകയും വീട്ടിൽ കേടുപാടുകൾ വരുത്തുകയും സ്വർണ്ണമുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കവർന്ന് കടന്നുകളഞ്ഞതായും സാവോപോളോ പൊലീസ് അറിയിച്ചു. സംഘത്തിലെ 20 വയസുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ തിരിച്ചറിഞ്ഞതായും പൊലീസ് കൂട്ടിച്ചേർത്തു.
ഒക്ടോബർ ആറിനാണ് നെയ്മറിനും കാമുകി ബ്രൂണയ്ക്കും കുഞ്ഞ് പിറന്നത്. മാവി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ബ്രൂണ.