ദിലീപും തമന്നയും പ്രധാനവേഷത്തിലെത്തുന്ന ‘ബാന്ദ്ര’ നവംബർ 10 തിയേറ്ററിലേയ്ക്ക്. രാമലീലയ്ക്ക് ശേഷം ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.
റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
പാൻ ഇന്ത്യൻ താരനിര തന്നെ അണിനിരക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഇതിനുപുറമെ മംമ്ത മോഹൻദാസ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. അലൻ അലക്സാണ്ടർ ഡൊമിനിക്ക് എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോൾ താര ജാനകിയായാണ് തമന്ന എത്തുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ബാന്ദ്ര നിർമ്മിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും കാണിക്കുന്ന ചിത്രം ഒരു ഫാമിലി ഡ്രാമ കൂടിയാണ്.