ദുബായിൽ ഡെലിവറി ജീവനക്കാർക്കായി വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാനൊരുങ്ങി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). എയർകണ്ടീഷൻ ചെയ്ത 40 വിശ്രമകേന്ദ്രങ്ങളാണ് നിർമ്മിക്കുന്നത്. ഡെലിവറി ജീവനക്കാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് പുതിയ പദ്ധതി. ദുബായിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാനാണ് ആർ.ടി.എ തീരുമാനിച്ചിരിക്കുന്നത്.
ഓരോ ഡെലിവറിയും പൂർത്തിയാക്കിയ ശേഷം അടുത്ത ഓഡർ ലഭിക്കുന്നതുവരെ ജീവനക്കാർക്ക് ഈ കേന്ദ്രങ്ങളിൽ സൗകര്യപൂർവം വിശ്രമിക്കാൻ സാധിക്കും. ശക്തമായ ചൂടിലും മോശം കാലാവസ്ഥയിലും റോഡരികിലും മറ്റും ഡെലിവറി ജീവനക്കാർ കാത്തിരിക്കുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. 2024 ജൂലൈയോടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വാട്ടർ കൂളർ, സുഖപ്രദമായ ഇരിപ്പിടങ്ങൾ, കുടിവെള്ളം, സ്നാക്സ് ഡിസ്പെൻസർ, മൊബൈൽ ചാർജിങ് സ്റ്റേഷൻ എന്നിവയുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളോടെയുമാണ് വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുക. ഓരോ കേന്ദ്രങ്ങളിലും 10 പേർക്ക് വരെ ഒരേസമയം ഇരിക്കാൻ സാധിക്കുന്ന വിധത്തിലായിരിക്കും നിർമ്മാണം.