ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ പ്രഥമ പൗരയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതോടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ കസേരയിൽനിന്നു മാറി പുതിയ രാഷ്ട്രപതിയെ അവിടെ ഇരുത്തി.
സത്യപ്രതിജ്ഞാ രജിസ്റ്ററിൽ പുതിയ രാഷ്ട്രപതി ഒപ്പുവച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമായി കാണുന്നുവെന്ന് ദ്രൗപദി മുർമു രാഷ്ട്രപതിയായതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രയത്നിക്കണമെന്നും പ്രസംഗത്തിൽ പറഞ്ഞു.
രാഷ്‌ട്രപതി ആയി രാജ്യം തന്ന അവസരത്തിന് നന്ദിയെന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. പാർശ്വവൽക്കരിക്കപെട്ടവരുടെ ശബ്ദം ആകുമെന്നും വനിതാ ശക്തീകരണമാണ് തന്റെ ലക്ഷ്യമെന്നും മുർമു വ്യക്തമാക്കി. ദളിതരുടെ ഉന്നമാനത്തിനായും പ്രവർത്തിക്കും. ദളിതർക്കും സ്വപ്നം കാണാം എന്ന് തെളിയിക്കുന്നതാണ് തന്റെ ജീവിത യാത്രയെന്നും മുർമു അഭിസംബോധനയിൽ പറഞ്ഞു.
രാഷ്ട്രപതി ഭവനിലെത്തി സേനകളുടെ ഗാർഡ് ഓഫ് ഓണർ കൂടി സ്വീകരിക്കുന്നതോടെ സ്ഥാനമേല്ക്കൽ ചടങ്ങുകൾ പൂർത്തിയാകും. കാലാവസ്ഥ പ്രതികൂലമായതിനാൽ അശ്വരഥത്തിനു പകരം കാറിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവും മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദും രാഷ്ട്രപതിഭവനിൽ നിന്ന് പാർലമെന്റിലെത്തിയത്. ലോക്സഭാ സ്പീക്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ച് സെൻട്രൽ ഹാളിലേക്ക് നയിക്കുകയായിരുന്നു.
ഗോത്രവിഭാഗത്തില്‍ നിന്നും ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്കെത്തുന്ന വ്യക്തിയെന്ന ചരിത്രത്തിലേക്കാണ് ദ്രൗപതി മുര്‍മു നടന്നുകയറിയത്. ഈ മുഹൂര്‍ത്തത്തില്‍ സാന്താലി സാരി അണിഞ്ഞാണ് മുർമു എത്തിയത്. ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത വസ്ത്രമാണ് സാന്താലി സാരി.
ദ്രൗപതി മുർമുവിന്റെ കുടുംബത്തില്‍ നിന്ന് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത് നാലുപേരാണ്. സഹോദരനും പത്‌നിയും മകളും ഭര്‍ത്താവും ആണ് ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായത്. ഭര്‍ത്തൃ സഹോദരി സമ്മാനമായി നല്‍കിയ സാന്താലി സാരിയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ ദ്രൗപദി മുര്‍മു അണിഞ്ഞിരിക്കുന്നത്.
ഗോത്രവിഭാഗത്തില്‍ നിന്നും ആദ്യമായി ഇന്ത്യന്‍ രാഷ്ട്രപതി പദത്തിലേക്കെത്തുന്ന ദ്രൗപതി മുര്‍മുവിന് അന്താരാഷ്ട്ര നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ് . റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉൾപ്പടെയുള്ളവർ ദ്രൗപതി മുര്‍മുവിന് അഭിനന്ദനവുമായി രംഗത്തെത്തി.