ദുബായ് എയർഷോയുടെ 18-ാമത് പതിപ്പ് നവംബർ 13-ന് ആരംഭിക്കും. ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്. നവംബർ 17 വരെ നീണ്ടുനിൽക്കുന്ന എയർഷോയിൽ 180-ലധികം വിമാനങ്ങളാണ് പങ്കെടുക്കുന്നത്.
ദുബായ് എയർപോർട്ട്സ്, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, യുഎഇ പ്രതിരോധ മന്ത്രാലയം, ദുബായ് ഏവിയേഷൻ എൻജിനീയറിങ്ങ് പ്രോജക്ട്സ്, യുഎഇ സ്പേസ് ഏജൻസി തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്. 95 രാജ്യങ്ങളിൽ നിന്നുള്ള 1,400ലധികം പ്രദർശകർ പരിപാടിയിൽ പങ്കെടുക്കും. ആഗോളതലത്തിൽ തന്നെ വ്യോമയാന മേഖലയിൽ ശ്രദ്ധയാകർഷിക്കപ്പെട്ട എയർഷോയാണിത്.
ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് ഷോയിൽ പ്രതീക്ഷിക്കുന്നത്. സന്ദർശകർക്ക് വ്യോമയാന മേഖലയിൽ നിന്നുള്ള അതിനൂതന സാങ്കേതികവിദ്യകൾ, പുതിയ ആശയങ്ങൾ തുടങ്ങിയവ അടുത്തറിയാനുള്ള അവസരമാണ് ദുബായ് എയർഷോയിലൂടെ സംഘാടകർ ഒരുക്കുന്നത്.