കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് ബി. അശോക് ഐ.എ.എസിനെ മാറ്റി. പകരം ചുമതല കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിന് നൽകിയാണ് സർക്കാർ ഉത്തരവായത്. വായ്പ തിരിച്ചടവിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് സർക്കാറിന്റെ നടപടി.
2015-ൽ കെ.ടി.ഡി.എഫ്.സിയിൽ നിന്ന് കെ.എസ്.ആർ.ടി.സി കടം എടുത്ത 595 കോടി രൂപ 915 കോടിയായി തിരിച്ചടക്കണമെന്ന് കെ.ടി.ഡി.എഫ്.സി അറിയിച്ചിരുന്നു. 16.5 ശതമാനം പലിശക്കാണ് വായ്പ അനുവദിച്ചത്. ഈ തുക അടക്കാത്തതിനാൽ കെ.എസ്.ആർ.ടി.സിക്ക് ജപ്തി നോട്ടീസ് ഉൾപ്പെടെ അയച്ചിരുന്നു. കെ.ടി.ഡി.എഫ്.സി നഷ്ടത്തിലാകാനുള്ള കാരണം കെ.എസ്.ആർ.ടി.സി ആണെന്ന തരത്തിൽ ബി.അശോക് പത്രക്കുറിപ്പും ഇറക്കിയിരുന്നു. ഇതിനെ എതിർത്ത് ബിജു പ്രഭാകറും രംഗത്തുവന്നിരുന്നു.
ബി. അശോക് നിലവിൽ വഹിക്കുന്ന മറ്റ് ചുമതലകൾ തുടർന്ന് വഹിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്. കാർഷികോല്പാദന കമ്മീഷണറായിരുന്ന അശോകിന് അതിന് പുറമെയാണ് കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനവും നൽകിയിരുന്നത്.