ഒമാനിൽ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം. ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സർവ്വീസ് നടത്തുന്ന ടാക്സികളുടെ നിരക്കാണ് പ്രഖ്യാപിച്ചത്. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്ഠിത ടാക്സികളുടെ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ഹോട്ടലുകളിൽ സർവ്വീസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജ് ഇനത്തിൽ 50 ബൈസയും ഈടാക്കാൻ തീരുമാനിച്ചു. വാണിജ്യ കേന്ദ്രങ്ങളിലെ ടാക്സികളുടെ നിരക്ക് 300 ബൈസയിൽ നിന്നാണ് ആരംഭിക്കുന്നത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 130 ബൈസയും കാത്തിരിപ്പ് നിരക്കായി ഹോട്ടൽ ടാക്സികൾക്ക് തുല്യമായ തുകയും നൽകേണ്ടിവരും.
സുൽത്താൻ ഖാബൂസ് തുറമുഖത്ത് സർവ്വീസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാലായാണ് നിശ്ചയിച്ചിരിക്കുന്നത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 250 ബൈസയും പത്ത് മിനിറ്റ് കഴിഞ്ഞാൽ 50 ബൈസയും ഈടാക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.