ആഗോള മാതൃകാ കേന്ദ്രമായി ദുബായിയെ ഉയര്‍ത്താനുളള ശ്രമങ്ങൾ തുടരുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇതിന്റെ ഭാഗമായി ലോകോത്തര നിലവാരം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും സേവനങ്ങളും തുടരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളം സന്ദര്‍ശിക്കുമ്പോഴാണ് ശൈഖ് മുഹമ്മദിന്റെ വാക്കുകൾ.
പൗരന്മാര്ക്കും പ്രവാസികൾക്കും ഉന്നത സേവനങ്ങൾ ഉറപ്പാക്കും, സാമ്പത്തിക മേഖലയുടെ അടിത്തറ ശക്തമാക്കും, മാതൃകാ പദ്ധതികളിലൂടെ ദുബായുടെ മുന്നേറ്റത്തിനും ആഗോള അംഗീകാരത്തിനും നീക്കം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പര്യവേക്ഷണങ്ങളിലൂടെ പുതിയ മാര്‍ഗ്ഗങ്ങൾ കണ്ടെത്തണമെന്നും ആഗോള മത്സരക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂട്ടിച്ചേര്‍ത്തു.
ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് ദുബായ് അതിവേഗവളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമായി വിനോദനഞ്ചാരം മാറിക്കഴിഞ്ഞു. അശ്രാന്ത പരിശ്രമവും ധാര്‍മ്മികത മുന്‍നിര്‍ത്തിയുളള പ്രവര്‍ത്തനവുമാണ് മികവിന് പിന്നിലെന്നും അദ്ദേഗഹം ചൂണ്ടിക്കാട്ടി. യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് എയർലൈൻസ് ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ ശൈഖ് അഹമദ് ബിൻ സഇൗദ് അൽ മക്തൂം എന്നിവരും ശൈഖ് മുഹമ്മദിന് ഒപ്പമുണ്ടായിരുന്നു.