മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. പരിശോധനകൾക്ക് ശേഷം ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് അനുസരിച്ച് സൗത്തേൺ റൺവേ പ്രവർത്തനക്ഷമമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ, ടാക്സിവേ എന്നിവ ഒക്ടോബറിൽ പ്രവർത്തനക്ഷമമാകുമെന്നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുമ്പ് അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം വൈകുകയായിരുന്നു.
നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയ റൺവേ, ടാക്സിവേ എന്നിവ സി.എ.എ റഗുലേറ്ററി ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമായിരിക്കും പ്രവർത്തനക്ഷമമാക്കുന്ന നടപടികൾ ആരംഭിക്കുക. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് വേണ്ടിയാണ് സി.എ.എ റഗുലേറ്ററി ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നത്.