ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വില്പനയ്ക്കുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തി. ചെറുകിട സ്ഥാപനങ്ങളിൽ ഉൽപന്നങ്ങൾ എത്തിയതോടെ ദേശീയദിന ഉൽപന്നങ്ങളുടെ വിപണി മെല്ലെ ചലിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. എന്നാൽ പാലസ്തീൻ പ്രശ്നം വിപണിയെ ബാധിക്കുമോ എന്ന് ആശങ്കിക്കുന്ന നിരവധി പേരുണ്ട്.
ഇതിനിടെ അംഗീകാരമില്ലാത്ത ഉൽപന്നങ്ങൾ വിൽന നടത്തുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാത്രമല്ല, അംഗീകാരമില്ലാത്ത ഉൽപന്നങ്ങൾ വിൽപന നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് അധികൃതർ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയും ആരംഭിച്ചു കഴിഞ്ഞു. അതേസമയം അധികൃതരുടെ അനുമതിയോടെ ഉണ്ടാക്കിയതോ ഇറക്കുമതി ചെയ്തതോ ആയ രാജകീയ എംബ്ലം, ഒമാന്റെ മാപ്പ്, കൊടി തുടങ്ങിയ ഉൽപന്നങ്ങൾ മാത്രമേ വിൽപന നടത്താൻ പാടുള്ളൂ. അല്ലാത്തവ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.
എന്നാൽ ഉൽപന്നങ്ങളിലോ പരസ്യങ്ങളിലോ രാജകീയ ചിഹ്നം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിൽ നേരത്തേ തന്നെ അപേക്ഷകൾ സമർപ്പിക്കണം. ഉൽപന്നങ്ങളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ അപേക്ഷക്കൊപ്പം നൽകുകയും വേണം. പരിശോധനകൾക്ക് ശേഷം അധികൃതർ അംഗീകാരം നൽകുന്ന ഉൽപന്നങ്ങൾ മാത്രമേ വിപണിയിൽ ഇറക്കാൻ അനുവദിക്കുകയുള്ളൂ. മാത്രമല്ല അംഗീകാരം ലഭിക്കുന്ന ഉൽപന്നങ്ങൾക്ക് പ്രത്യേക കോഡ് നമ്പറും ലഭിക്കും. അധികൃതർ സ്ഥാപനങ്ങളിൽ പരിശോധനക്കെത്തുമ്പോൾ ഈ കോഡ് നമ്പറുകൾ കാണിച്ച് കൊടുക്കേണ്ടത് നിർബന്ധമാണ്.