നവംബര്‍ 25-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രകടനപത്രിക. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, ഇന്‍ഷുറന്‍സ്, രണ്ടുരൂപയ്ക്ക് ചാണകം, 500 രൂപയ്ക്ക് ഗ്യാസ് സിലിന്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴ് വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ജയ്പുരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
അതേസമയം നിലവില്‍ കോണ്‍ഗ്രസിലാണ് രാജസ്ഥാന്‍ ജനതയുടെ പൂർണ്ണ വിശ്വാസമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പോലുള്ള ഏജന്‍സികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. രാജ്യത്തുടനീളം നായ്ക്കളേക്കാള്‍ കൂടുതലായി ഇ.ഡി.ക്ക് കറങ്ങേണ്ടിവരുന്നുണ്ട് എന്ന് പറയേണ്ടി വരുന്നത് ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ പ്രകടന പത്രിക
– ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പും ടാബ്‌ലറ്റും
– പ്രകൃതിദുരന്തങ്ങള്‍ മൂലമുള്ള നഷ്ടങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ
– സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ പദ്ധതി നിയമം
-1.4 കോടി കുടുംബങ്ങള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിന്‍ഡര്‍
– കിലോയ്ക്ക് രണ്ടുരൂപവെച്ച് പശുവിന്‍റെ ചാണകം
– എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം
– കുടുംബനാഥയ്ക്ക് പ്രതിവര്‍ഷം 10,000 രൂപ