ഊർജം, കാലാവസ്ഥാ , ചാന്ദ്ര പര്യവേക്ഷണം തുടങ്ങി വിവധ മേഖലകളില്‍ കരാറുകൾ ഒപ്പിട്ട് യുഎഇയും ഫ്രാൻസും. സുപ്രധാന മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യുഎഇ-ഫ്രഞ്ച് ബിസിനസ് കൗൺസിൽ രൂപീകരിക്കുന്നത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മില്‍ ധാരണയായി. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറെ ഫ്രാന്‍സ് സന്ദർനത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനങ്ങൾ ഉണ്ടായത്.
യുഎഇ വ്യവസായ – അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി സുൽത്താൻ അഹമ്മദ് അൽ ജാബർ, ടോട്ടൽ എനർജിസ് മേധാവി പാട്രിക് പൂയാനെ എന്നിവർ അധ്യക്ഷനായ കൗൺസിൽ വർഷത്തിൽ ഒരിക്കലെങ്കിലും യോഗം ചേരും. അടുത്ത സെഷൻ മെയ് അല്ലെങ്കിൽ ജൂണിൽ യുഎഇയില്‍ നടത്താനും ധാരണയായി. 18 ചീഫ് എക്സിക്യൂട്ടീവുകളാണ് കൗണ്‍സിലിലുണ്ടാവുക.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഉന്നത ഫ്രഞ്ച് ഉദ്യോഗസ്ഥരുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസം, കാലാവസ്ഥാ പ്രവർത്തനം, ആരോഗ്യ സംരക്ഷണം, ബഹിരാകാശ പ്രവർത്തനങ്ങൾ എന്നിവയിലെ സഹകരണം ഉൾപ്പെടെ സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കുന്ന കരാറുകളാണ് ഒപ്പുവച്ചതെന്നും ഫ്രാന്‍സ് യുഎഇയെ സംബന്ധിച്ച് തന്ത്ര പ്രധാന കക്ഷിയെന്നും ശൈഖ് മുഹമ്മദ് പ്രതികരിച്ചു.
ഊർജ്ജ സുരക്ഷ, വില, ഡീകാർബണൈസേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് ഊർജ്ജ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഡീസല്‍ കയറ്റുമതി വര്‍ദ്ധിപ്പാക്കാനും ധാരണയായിട്ടുണ്ട്.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ആത്മമിത്രം എന്ന് ഇമ്മാനുവൽ മാക്രോണ്‍
ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ ഊഷ്മളമായ സ്വീകരമാണ് ഒരുക്കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍ നേരിട്ട് ഷെയ്ഖ് മുഹമ്മദിനെ സ്വീകരിക്കാനെത്തി. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം നെപ്പോളിയന്റെ ശവകൂടീരവും യുഎഇ പ്രസഡന്റ് സന്ദര്‍ശിച്ചു. അതേസമയം ആത്മമിത്രം എന്നാണ് ശൈഖ് മുഹമ്മദിനെ ഫ്രഞ്ച് പ്രസിഡന്റ് വിശേഷിപ്പിച്ചത്.