അപകട സാഹചര്യങ്ങളിലും പ്രതികൂല കാലാവസ്ഥയിലും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന റോഡ് അലേർട്ട് സംവിധാനത്തിലൂടെ അനേകം ജീവനുകൾ രക്ഷിക്കാൻ സാധിച്ചതായി അബൂദാബി പൊലീസ്. ദുബായ് ജൈടെക്സ് ഗ്ലോബലിൽ ആണ് അബൂദാബി പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എട്ടുമാസം മുൻപായിരുന്നു പ്രധാന ഹൈവേകളിൽ റോഡ് അലർട്ട് സംവിധാനം സ്ഥാപിച്ചത്. ഇതിനു ശേഷം ഗുരുതര അപകടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദുബായ്-അബൂദാബി ഹൈവേയിൽ ഓരോ 100 മീറ്റർ ഇടവേളകളിലുമായി നാലു നിറങ്ങളിലായാണ് ഈ മുന്നറിയിപ്പ് സംവിധാനം.
ചുവപ്പ്, നീല നിറങ്ങൾ തെളിഞ്ഞാൽ അപകട സൂചനയാണ് നൽകുന്നത്. മഞ്ഞ ലൈറ്റ് മൂടൽ മഞ്ഞ്, പൊടിക്കാറ്റ്, മഴ മുതലായ പ്രതികൂല കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പുകൾ കണ്ടാൽ വാഹനം വേഗത കുറക്കണമെന്നാണ് നിയമം. എന്നാൽ നാലാമത്തെ നിറം ഭാവിയിൽ ഉപയോഗിക്കാനുള്ളതാണെന്ന് അബൂദാബി പൊലീസ് ഉദ്യോഗസ്ഥനായ അഹമ്മദ് ബിൻ ഹാദി പറഞ്ഞു. മഞ്ഞ ലൈറ്റ് മിന്നിയാൽ വേഗത 140 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കേണ്ടത് അനിവാര്യമാണ്. 80 കിലോമീറ്ററിനു മുകളിൽ സഞ്ചരിച്ചാൽ അമിത വേഗതയ്ക്കുള്ള പിഴ ചുമത്തുകയും ചെയ്യും. അതേസമയം 2018ൽ അബൂദാബി പൊലീസ് ആരംഭിച്ച റോഡ് സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ സ്മാർട്ട് അലേർട്ട് സംവിധാനം സ്ഥാപിച്ചതെന്ന് മറ്റൊരുദ്യോഗസ്ഥനായ മുഹമ്മദ് അൽ ഹൊസനി പറഞ്ഞു.