ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ. മെഡിക്കല്‍-ദുരന്ത നിവരാണ സാമഗ്രികളാണ് ഇന്ത്യൻ വ്യോമസേന വിമാനത്തില്‍ കയറ്റി അയച്ചത്. പലസ്തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഈജിപ്തിലെ അല്‍ഹരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എകസിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജീവന്‍രക്ഷാ മരുന്നുകള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ശുചീകരണ വസ്തുക്കള്‍, ജല ശുദ്ധീകരണ ടാബ്ലറ്റുകള്‍ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഇന്ത്യ അയച്ച സഹായമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം’ എന്ന് സഹായ പായ്ക്കുകളില്‍ എഴുതിയിട്ടുമുണ്ട്.
സഹായം എത്തിക്കുന്നതിന് വേണ്ടി ഈജിപ്തിലെ റാഫ അതിര്‍ത്തി കഴിഞ്ഞ ദിവസം തുറന്നിരുന്നു. സഹായവുമായെത്തിയ ഈജിപ്ഷ്യന്‍ റെഡ് ക്രെസന്റിന്റെ 20 ട്രക്കുകളെയാണ് നിലവില്‍ ഇതുവഴി കടത്തിവിട്ടത്. യുദ്ധം അഭയാര്‍ഥികളാക്കിയ ലക്ഷക്കണക്കിന് ആളുകളാണ് കുടിവെള്ളവും ഭക്ഷണവുമില്ലാതെ ഗാസയില്‍ കഴിയുന്നത്. 23 ലക്ഷത്തിലേറെ ജനങ്ങളുള്ള ഗാസയില്‍ 20 ട്രക്ക് സഹായംകൊണ്ട് ഒന്നുമാവില്ലെന്ന് റെഡ് ക്രെസന്റ് അറിയിക്കുകയും ചെയ്തിരുന്നു.