നിരവധി ആനുകൂല്യങ്ങളുമായി പ്രീമിയം കസ്റ്റമർ കാർഡ് പുറത്തിറക്കി ദുബായ് ആർ.ടി.എ. വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കും ഉപയോഗിക്കാവുന്ന വിധത്തിലുള്ള പ്രീമിയം കാർഡാണ് പുറത്തിറക്കിയത്. ഡിജിറ്റൽ കാർഡ് ലഭിച്ച ഉപയോക്താക്കൾക്ക് ആർ.ടി.എ സർവീസ് കേന്ദ്രങ്ങളിൽ എത്തുമ്പോൾ വിവിധ ആനുകൂല്യങ്ങളായിരിക്കും ലഭിക്കുക.
ഉപഭോക്താക്കളുടെ ആർ.ടി.എ സേവനങ്ങളുടെ ഉപയോഗവും മറ്റ് രീതികളും പരിഗണിച്ചാണ് കാർഡ് ലഭ്യമാക്കുന്നത്. ആർ.ടി.എ സേവനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ 40,000 ഉപയോക്താക്കൾക്കാണ് കാർഡ് അനുവദിച്ചത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ പേർക്ക് കാർഡ് വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കാർഡ് ലഭിക്കുന്നവർക്ക് ആർ.ടി.എ ഔട്ലെറ്റുകളിൽ ഫാസ്റ്റ് ട്രാക്ക് സർവീസ് ലഭിക്കുന്നതോടൊപ്പം കോൾ സെന്ററുകളിലെ അന്വേഷണങ്ങൾക്ക് അതിവേഗത്തിൽ മറുപടിയും കിട്ടും. കൂടാതെ പ്രത്യേക വാഹന പരിശോധന, രജിസ്ട്രേഷൻ സേവനങ്ങളും ലഭിക്കും. ഇതിനുപുറമെ ആർ.ടി.എ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേക്കുള്ള ക്ഷണവും പ്രീമിയം കാർഡുള്ളവർക്ക് ലഭിക്കും.