ഈ വർഷത്തെ വിശുദ്ധ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഇലക്ട്രോണിക് വെബ്സൈറ്റ് (www.hajj.om) വഴി ഒക്ടോബർ 23 മുതൽ നവംബർ അഞ്ചുവരെ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കാഴ്ചവൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും കൂടെ ആളുകളെ അനുവദിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് സംവിധാനത്തിൽ മുമ്പ് രജിസ്റ്റർ ചെയ്തവരിൽ നിന്നാകും അത്തരക്കാരെ തിരഞ്ഞെടുക്കുക. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും മറ്റുവിവരങ്ങൾക്കും ഔദ്യോഗിക സമയത്ത് മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 80008008 എന്നതിൽ വിളിക്കാവുന്നതാണ്. കൂടാതെ വെബ്സൈറ്റ് വഴിയും അന്വേഷണങ്ങളും മറ്റും ഫയൽ ചെയ്യാനുള്ള സൗകര്യമുണ്ട്.
കഴിഞ്ഞ വർഷം 13,956 (99.7 ശതമാനം) ആളുകളാണ് വിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചത്. ആകെ 14,000 പേർക്കായിരുന്നു ഹജ്ജ് നിർവഹിക്കാൻ അനുമതിയുണ്ടായിരുന്നത്. ഇതിൽ 13,500 പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമായിരുന്നു. മൊത്തം തീർഥാടകരിൽ 49.3 ശതമാനവും സ്ത്രീകളായിരുന്നു.