ദുബായിലെ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്നലെ മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.
ദുബായ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു നിധിൻ. ഇന്ന് രാവിലെയാണ് നിധിൻദാസിന്റെ മരണം സ്ഥിരീകരിച്ചത്. സന്ദർശക വിസയിൽ ദുബായിലെത്തിയ നിധിന് കഴിഞ്ഞ ദിവസമായിരുന്നു ജോലി ലഭിച്ചത്. ചൊവ്വാഴ്ച അർധരാത്രി കരാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലായിരുന്നു അപകടമുണ്ടായത്. 12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒൻപതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ നിധിൻ ദാസ് ഉൾപ്പെടെ മൂന്നു പേരുടെ നില അതീവ ഗുരുതരമായിരുന്നു.
അതേസമയം ഷാനിൽ, നഹീൽ എന്നിവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവർ ദുബായ് റാശിദ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൂടാതെ എൻ എം സി ആശുപത്രിയിൽ അഞ്ചുപേരും ചികിത്സയിൽ ഉണ്ട്. ഇവരുടെ പരിക്ക് ഗുരുതരം അല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മൂന്ന് മുറികളിലായി 17 പേരായിരുന്നു ഫ്ളാറ്റിൽ താമസിച്ചിരുന്നത്. ഇവരിൽ പലരും ബാച്ച്ലർസ് ആയിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകൾക്കും പരിക്കേറ്റതായി ഫവാസ് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.