ഒമാനിലെ തലസ്ഥാന നഗരിയടക്കമുള്ള വിവിധ പ്രദേശങ്ങളിൽ കടുത്ത പനി പടരുന്നു. ചുമ, കഠിനമായ തലവേദന എന്നിവയോടെയാണ് പലർക്കും പനി അനുഭവപ്പെടുന്നത്. മാത്രമല്ല, അസുഖം ബാധിച്ചവരിൽ പലർക്കും പനി മാറാൻ ചുരുങ്ങിയത് ഏഴു മുതല്‍ 10 ദിവസം വരെ എടുക്കുന്നുമുണ്ട്. ചിലര്‍ക്ക് കോവിഡ് നേരത്തേ ഉണ്ടായതുപോലെ ഉറക്കക്കുറവും ശരീരവേദനയും അനുഭവപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. അതേസമയം, ഒമാനിൽ കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായാണ് പനി പടരുന്നത് എന്നും പനി ബാധിച്ചവരും അവരുടെ കുടുംബങ്ങളും ബന്ധപ്പെടുന്നവരും മാസ്ക് ധരിക്കണമെന്നും റൂവി ബദർ സമ ഹോസ്പിറ്റലിലെ പ്രധാന ഡോക്ടറായ ബഷീർ പറഞ്ഞു. നിലവിൽ ജലദോഷപ്പനിയാണ് പടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധശക്തി കുറഞ്ഞവരിലേക്ക് രോഗം വേഗം പടരും. കൂടാതെ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവരിലും ഇത് ന്യുമോണിയയായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഒമാനിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചില എച്ച്1എൻ1 കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗം വരുന്നവർ നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
മാർഗ നിർദേശങ്ങൾ
*തണുത്ത വെള്ളം ഒഴിവാക്കുക
* കൈ സോപ്പ് ഉപയോഗിച്ച് കഴുകണം.
* ആൻറിബയോട്ടിക്കുകൾ നൽകരുത്. പാരസെറ്റമോളാണ് നൽകേണ്ടത്