ജുമൈറ വൺ ഏരിയയിൽ ഷെവർലെ ബോൾട്ട് അധിഷ്ഠിത ഓട്ടോണമസ് വാഹനങ്ങളുടെ ഡ്രൈവ് പരിശോധന ആരംഭിച്ചു. ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും സെൽഫ് ഡ്രൈവിംഗ് ടെക്നോളജി കമ്പനിയായ ക്രൂസും ചേർന്നാണ് പരീക്ഷണ ഡ്രൈവിംഗ് ആരംഭിച്ചത്. സ്വയം ഓടുന്ന ഈ ടാക്സികൾ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണുള്ളത്. യാത്രക്കാരെ കയറ്റുന്ന സ്ഥിതിയിലേക്ക് ഇവ എത്തിയിട്ടില്ല. ഒരു സുരക്ഷാ ഡ്രൈവർ ഇപ്പോഴും പരീക്ഷണ ഡ്രൈവിൽ ഉണ്ടെന്നും അതോറിറ്റി അറിയിച്ചു.
വിജയകരമായ ഡാറ്റ ശേഖരണ ശ്രമങ്ങൾക്കും അടച്ച ടെസ്റ്റ് ട്രാക്കുകളിൽ നടത്തിയ പരീക്ഷണങ്ങൾക്കും ശേഷമാണ് ട്രയൽ റൺ നടത്തിയത്. ആർടിഎയുടെയും ക്രൂയിസിന്റെയും സംയുക്ത പരിശ്രമത്തിന്റെ ഫലമാണ് ട്രയൽ റൺ എന്നും അതോറിറ്റി പറഞ്ഞു.
അതേസമയം പരീക്ഷണ ഘട്ടത്തിൽ യാത്രക്കാരെ എടുത്തിട്ടില്ല. എന്നാൽ ചില തിരഞ്ഞെടുത്ത വ്യക്തികൾക്ക് ഈ വർഷം അവസാനത്തോടെ ഡ്രൈവറില്ലാ ക്രൂയിസ് ടാക്സികളിൽ യാത്ര ചെയ്യാൻ കഴിയുമെന്നും അതോറിറ്റി അറിയിച്ചു. കൂടാതെ 2024 രണ്ടാം പകുതിയോടെ ഇതിന്റെ പൂർണ്ണ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.